പ്രീമിയർ ലീഗ് ട്രാൻസ്ഫർ ജാലകത്തിൽ ആവേശമുയർത്തി ആസ്റ്റൺ വില്ലയുടെ യുവ മിഡ്ഫീൽഡർ ജേക്കബ് റാംസേ ന്യൂകാസിൽ യുണൈറ്റഡിലേക്ക്. ഏകദേശം 40 മില്യൺ പൗണ്ടിന്റെ ഡീലിനാണ് ഇരു ക്ലബ്ബുകളും ധാരണയിലെത്തിയത്.
വൈദ്യപരിശോധനകൾക്കും വ്യക്തിപരമായ നിബന്ധനകൾക്കും ശേഷം താരം ഉടൻ തന്നെ ന്യൂകാസിൽ ചേരുമെന്നാണ് സൂചന. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് തയ്യാറെടുക്കുന്ന എഡ്ഡി ഹൗവിന്റെ ടീമിന് റാംസേയുടെ വരവ് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
സ്വന്തം അക്കാദമിയിലൂടെ വളർന്നുവന്ന് 167 സീനിയർ മത്സരങ്ങളിൽ ക്ലബ്ബിനായി ബൂട്ടണിഞ്ഞ റാംസേയെ കൈവിടാനുള്ള ആസ്റ്റൺ വില്ലയുടെ തീരുമാനം വെറും കായികപരമായ ഒന്നല്ല. സാമ്പത്തിക ബാധ്യതകളും, UEFA യുടെ കർശനമായ സ്ക്വാഡ് കോസ്റ്റ് റേഷ്യോ (SCR) നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഈ നീക്കത്തിന് പിന്നിൽ. കളിക്കാരുടെ വേതനവും ട്രാൻസ്ഫർ തുകയും ക്ലബ്ബിന്റെ മൊത്തം വരുമാനത്തിന്റെ 70% ആയി പരിമിതപ്പെടുത്തുന്ന പുതിയ യൂറോപ്യൻ നിയമങ്ങൾ ആസ്റ്റൺ വില്ല ലംഘിച്ചിരുന്നു. ഇതിനെ തുടർന്ന് അവർക്ക് 11 മില്യൺ യൂറോ പിഴ ചുമത്തിയിരുന്നു. റാംസേയെ വിൽക്കുന്നതിലൂടെ, വേതന ബില്ലിൽ കുറവ് വരുത്താനും മറ്റു താരങ്ങളെ ടീമിലെത്തിക്കാനും ക്ലബ്ബിന് സാധിക്കും.
മറുവശത്ത്, ന്യൂകാസിലിന് റാംസേയുടെ വരവ് മധ്യനിരയിലെ വലിയൊരു വിടവ് നികത്തും. ഷോൺ ലോങ്സ്റ്റാഫ് ലീഡ്സിലേക്ക് പോയതോടെ മധ്യനിരയിൽ അഞ്ച് സീനിയർ താരങ്ങൾ മാത്രമാണ് ന്യൂകാസിലിനുള്ളത്. കൂടാതെ, പരിക്കുകൾ നിരന്തരമായി ടീമിന് വെല്ലുവിളിയാകുന്നുമുണ്ട്. .