റയൽ മാഡ്രിഡിൽ തന്റെ മോശം പ്രകടനത്തിന്റെ കാരണം മൗറിഞ്ഞോയാണെന്ന് മുൻ റയൽ മാഡ്രിഡ് താരം കകാ. 2009ലാണ് എ.സി മിലാനിൽ നിന്ന് കാക റയൽ മാഡ്രിഡിൽ എത്തിയത്. തുടക്കത്തിലേറ്റ പരിക്കുകൾ താരത്തിന് റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറക്കുകയും ചെയ്തിരുന്നു. ശേഷം പരിശീലകനായി ചുമതലയേറ്റ മൗറിഞ്ഞോ കകാക്ക് അവസരം കൊടുക്കുന്നതിന് പകരം ജർമൻ താരം ഓസിലിനായിരുന്നു കൂടുതൽ അവസരങ്ങൾ നൽകിയത്.
“തനിക്ക് ശാരീരികമായ പ്രശ്നങ്ങൾ റയൽ മാഡ്രിഡിൽ വെച്ച് ഉണ്ടായിരുന്നു. അതിനു പുറമെ പരിശീലകന്റെ തീരുമാനവും തനിക്ക് തിരിച്ചടിയായി. മൂന്ന് വർഷത്തോളം തനിക്ക് അവസരം ലഭിക്കാൻ വേണ്ടി ശ്രമിച്ചിരുന്നെങ്കിലും മൗറിഞ്ഞോ തനിക്ക് അവസരം തന്നില്ല. അതെല്ലാം തന്റെ പരിധിക്ക് അപ്പുറമായിരുന്നു” റിക്കാർഡോ കകാ പറഞ്ഞു. അതെ സമയം മൗറിഞ്ഞോയോട് തനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും അടുത്തിടെ മാഞ്ചസ്റ്ററിൽ വെച്ച് തങ്ങൾ പരസ്പരം കണ്ടപ്പോൾ തങ്ങൾ രണ്ടു പേരും 2 മണിക്കൂറോളം സംസാരിച്ച് ഇരുന്നെന്നും കകാ പറഞ്ഞു.