എം.എൽ.എസ് സീസണിലെ ആദ്യ ചുവപ്പ് കാർഡ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണിക്ക്. ലോസ് ആഞ്ചേലസ് താരം ഡിയേഗോ റോസിയെ ഫൗൾ ചെയ്തതിനാണ് റഫറി റൂണിക്ക് ചുവപ്പ് കാർഡ് നൽകിയത്. കടുത്ത ഫൗൾ ആയിരുന്നിട്ടുകൂടി റഫറി ആദ്യം മഞ്ഞ കാർഡ് ആണ് നൽകിയിരുന്നത്. തുടർന്ന് വാറിന്റെ ഇടപെടൽ മൂലമാണ് റൂണിക്ക് ചുവപ്പ് കാർഡ് ലഭിച്ചത്.
ROONEY SEES RED! 📕 #DCvLAFC https://t.co/g2jvLPoF51
— Major League Soccer (@MLS) April 6, 2019
2014ൽ വെസ്റ്റ് ഹാമിനെതിരെ ലഭിച്ച ചുവപ്പ് കാർഡിന് ശേഷം ആദ്യമായിട്ടാണ് റൂണിക്ക് ചുവപ്പ് കാർഡ് ലഭിക്കുന്നത്. മത്സരത്തിൽ റൂണിയുടെ ടീമായ ഡി.സി യുണൈറ്റഡ് മൂന്ന് ഗോളിന് പിറകിൽ നിൽക്കുന്ന സമയത്താണ് റൂണിക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. ശേഷം ഒരു ഗോൾ കൂടി അടിച്ച ലോസ് ആഞ്ചേലസ് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് മത്സരം ജയിച്ചിരുന്നു. ഡി.സി യുണൈറ്റഡിന്റെ സീസണിലെ ആദ്യ പരാജയം കൂടിയായിരുന്നു ഇത്.
ചുവപ്പ് കാർഡ് താൻ അർഹിച്ചത് തന്നെയാണെന്ന് മത്സരം ശേഷം റൂണി പറഞ്ഞു. എന്നാൽ എതിരാളിയെ പരിക്കേൽക്കിപ്പിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും റൂണി പറഞ്ഞു. ഇന്നത്തെ ചുവപ്പ് കാർഡോടെ മോൺറിയൽ ഇമ്പാക്ടിനെതിരായ മത്സരം റൂണിക്ക് നഷ്ട്ടമാകും.