കോസ്റ്റ റീക്കയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ച് മെക്സിക്കോ ഗോൾഡ് കപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ചു. സഡൻ ഡെത്ത് പെനാൽറ്റി രക്ഷപ്പെടുത്തിയ ഒച്ചോവയാണ് മെക്സിക്കോക്ക് സെമി ഫൈനലിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. നിശ്ചിത സമയത്ത് മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിൽ എത്തിയത്. ഷൂട്ട് ഔട്ടിൽ ഒച്ചോവയുടെ മികവിൽ 5-4ന് മെക്സിക്കോ ജയിക്കുകയായിരുന്നു.
ആദ്യ പകുതിയുടെ അവസാന മിനുറ്റിൽ റൗൾ ജിമെനെസിലൂടെ മെക്സിക്കോയാണ് മത്സരത്തിൽ ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ വിവാദമായ പെനാൽറ്റിയിലൂടെ കോസ്റ്റ റീക്ക മത്സരത്തിൽ സമനില പിടിച്ചു. ബ്രയാൻ റൂയിസ് ആണ് പെനാൽറ്റിയിലൂടെ കോസ്റ്റ റീക്കക്ക് വേണ്ടി സമനില പിടിച്ചത്.
തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ മെക്സിക്കോ താരം ജിമെനെസിന്റെ കിക്ക് കോസ്റ്റ റീക്ക ഗോൾ കീപ്പർ ലയണൽ മൊറേറ തടഞ്ഞെങ്കിലും റാണ്ടൽ ലീൽ തന്റെ പെനാൽറ്റി പുറത്തടിച്ചു കളയുകയും ഫുള്ളറുടെ പെനാൽറ്റി ഒച്ചോവ രക്ഷപ്പെടുത്തുകയും ചെയ്തു. സെമിയിൽ ഹെയ്തിയാണ് മെക്സിക്കോയുടെ എതിരാളികൾ.