വലത് കാൽമുട്ടിനേറ്റ ചെറിയ പേശിവലിവ് കാരണം ലയണൽ മെസ്സിക്ക് ഇന്റർ മിയാമിയുടെ അടുത്ത എംഎൽഎസ് ഡെർബി മത്സരത്തിൽ ഓർലാൻഡോ സിറ്റിക്കെതിരെ കളിക്കാൻ സാധിക്കില്ല. ഓഗസ്റ്റ് രണ്ടിന് നെക്കാക്സയുമായി നടന്ന ലീഗ്സ് കപ്പ് മത്സരത്തിനിടെയാണ് മെസ്സിക്ക് പരിക്കേറ്റത്. പരിക്ക് കാരണം ടീമിന് വേണ്ടി കഴിഞ്ഞ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല.

മെസ്സിയുടെ പരിക്ക് ഭേദമായി വരുന്നുണ്ടെന്നും തിരക്കിട്ട മത്സരങ്ങൾ വരാനിരിക്കുന്നതിനാൽ റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യ പരിശീലകൻ ജാവിയർ മഷെരാനോ പറഞ്ഞു. എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി അടുത്ത ആഴ്ച കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും മഷെരാനോ കൂട്ടിച്ചേർത്തു.
എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇന്റർ മിയാമി. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ഫിലാഡെൽഫിയക്ക് പിന്നിൽ എട്ട് പോയിന്റ് വ്യത്യാസത്തിലാണെങ്കിലും മിയാമിക്ക് മൂന്ന് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ഓർലാൻഡോയെക്കാൾ ഒരു പോയിന്റ് മാത്രമാണ് മിയാമിക്ക് മുന്നിലുള്ളത്. അതിനാൽ ഞായറാഴ്ച നടക്കുന്ന ഫ്ലോറിഡ ഡെർബിക്ക് പ്രാധാന്യമേറെയാണ്.