എംഎൽഎസ് മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ 5-1ന്റെ തകർപ്പൻ വിജയം നേടി ഇൻ്റർ മയാമി. കഴിഞ്ഞ മത്സരത്തിൽ സിൻസിനാറ്റിയോട് 0-3ന് തോറ്റതിന് ശേഷം ശക്തമായി തിരിച്ചെത്തിയ മിയാമിക്ക് ഊർജ്ജമായത് നായകൻ ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനമാണ്.

മത്സരത്തിൻ്റെ തുടക്കത്തിൽ ഹാക്കിൻ്റെ ഗോളിലൂടെ റെഡ് ബുൾസ് മുന്നിലെത്തിയെങ്കിലും, പിന്നീട് കളി മയാമിക്ക് അനുകൂലമായി മാറി. സമനില ഗോളിനായി ജോർഡി ആൽബയ്ക്ക് മെസ്സി നൽകിയ പാസ് മത്സരത്തിൻ്റെ ഗതി മാറ്റി. പിന്നാലെ ആൽബയും മെസ്സിയും ചേർന്ന് നടത്തിയ നീക്കത്തിൽ സെഗോവിയ ഒരു ഗോൾ കൂടി നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് സെഗോവിയ വീണ്ടും വല കുലുക്കി മിയാമി 3-1ന് മുന്നിലെത്തി.
രണ്ടാം പകുതിയിൽ മെസ്സി പൂർണ്ണമായും കളി നിയന്ത്രിച്ചു. സെർജിയോ ബുസ്കെറ്റ്സ് നൽകിയ പാസിൽ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. 75-ാം മിനിറ്റിൽ സുവാരസ് നൽകിയ ക്രോസിൽ നിന്ന് തൻ്റെ രണ്ടാം ഗോളും നേടി മെസ്സി വിജയം ഉറപ്പിച്ചു. രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മെസ്സി, റെഡ് ബുൾസ് പ്രതിരോധനിരയെ പൂർണ്ണമായും തകർത്തു.