കുടുംബവും കുട്ടികളും പ്രധാനപ്പെട്ടത്,ഇനി അധികകാലം കളിക്കില്ലെന്ന സൂചനയും ആയി മെസ്സി

താൻ ഇനി അധികകാലം ഫുട്‌ബോൾ കളിക്കാൻ സാധ്യതയില്ലെന്ന് തുറന്നു പറഞ്ഞു അർജന്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസ്സി. അർജന്റീനൻ ടെലിവിഷൻ അവതാരകൻ ജോർജ് വാൾഡാനോക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ്സ് തുറന്നത്. നേരത്തെ ഈ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആണെന്ന് മെസ്സി വ്യക്തമാക്കിയിരുന്നു. തന്റെ അഞ്ചാം ലോകകപ്പിന് ഇറങ്ങുന്ന മെസ്സി 2014 ൽ ഫൈനലിൽ നഷ്ടമായ ലോകകിരീടം സ്വന്തമാക്കാൻ ആണ് ഖത്തറിൽ ഇറങ്ങുക.

അർജന്റീനക്ക് ആയി കളിക്കുക എന്ന സ്വപ്നം സഫലമാക്കി എന്നു പറഞ്ഞ മെസ്സി കുടുംബവും 3 കുട്ടികളും ഉള്ള തനിക്ക് അവർക്ക് ആയി സമയം ചിലവഴിക്കേണ്ടിയും അവരെ നോക്കേണ്ടിയും വരും. അതിനാൽ തന്നെ തന്റെ വിരമിക്കൽ ഇത് പോലുള്ള കാര്യങ്ങൾ ആശ്രയിച്ചു ആവും എന്നും മെസ്സി കൂട്ടിച്ചേർത്തു. എന്നും ജീവിതത്തിൽ ഫുട്‌ബോൾ കളിച്ച താൻ അത് ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞ മെസ്സി എന്നാൽ ഇനി അധികകാലം താൻ ഫുട്‌ബോൾ കളിക്കാൻ സാധ്യതയില്ലെന്നും വ്യക്തമാക്കി. എന്നാൽ ഫുട്‌ബോൾ കളി നിർത്തിയാലും അതിനു ശേഷമുള്ള തന്റെ ജീവിതം ഫുട്‌ബോളും ആയി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്തു കൊണ്ടാവും എന്നും മെസ്സി കൂട്ടിച്ചേർത്തു.