ബ്രസീലിനെതിരെയുള്ള അർജന്റീന ടീമിൽ മെസ്സി തിരിച്ചെത്തി

ബ്രസീലിനെതിരെയും ഉറുഗ്വക്കെതിരെയും നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ മെസ്സി തിരിച്ചെത്തി. സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷന്റെ മൂന്ന് മാസത്തെ വിലക്ക് കഴിഞ്ഞാണ് മെസ്സി ടീമിൽ തിരിച്ചെത്തിയത്. മെസ്സിയെ കൂടാതെ സെർജിയോ അഗ്വേറൊയും പൗളോ ഡിബാലയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിനിടെ ചുവപ്പ് കാർഡ് വാങ്ങി മെസ്സി പുറത്തു പോയിരുന്നു. തുടർന്ന് സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷനെതിരെ മെസ്സി കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്നാണ് മെസ്സിക്ക് സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ മൂന്ന് മാസത്തെ വിലക്ക് ഏർപ്പെടുത്തിയത്.

നവംബർ 15ന് സൗദി അറേബ്യയിൽ വെച്ച് ബ്രസീലിനെതിരെയും ഉറുഗ്വക്കെതിരെ ഇസ്രായേളിൽ വെച്ച് നവംബർ 19നുമാണ് മത്സരം. കോപ്പ ലിബെർട്ടഡോർസ് ഫൈനലുമായി ബന്ധപ്പെട്ട് റിവർപ്ലേറ്റ് താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.