ലയണൽ മെസ്സി പിഎസ്ജിയിൽ തുടരുമോ എന്ന സംശയങ്ങൾ ഉയർന്നതിനിടയിൽ പടർന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മെസ്സിയുടെ പിതാവ് ജോർജെ മെസ്സി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം മൂന്ന് വാർത്തകൾക്കെതിരെ പ്രതികരിച്ചത്. “അപകടകരമായ വ്യാജ വാർത്തകൾ എന്നാണ്” ജോർജെ കുറിച്ചത്.
സൗദി അറേബ്യൻ ക്ലബ്ബ് ആയ അൽ ഹിലാലുമായുള്ള ചർച്ച, പുതിയ കരാർ ചർച്ചകളിൽ മെസ്സിയുടെ ആവശ്യങ്ങൾ പിഎസ്ജി നിരസിച്ചത്, കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ മെസ്സി ഇറങ്ങി പോയത് എന്നീ വാർത്തകളാണ് ജോർജെ ചൂണ്ടിക്കാണിച്ചത്. അൽ ഹിലാലിൽ നിന്നും താൻ 600 മില്യൺ യൂറോ ആവശ്യപ്പെട്ടു എന്നത് നിരാകരിച്ച അദ്ദേഹം, ഫ്രഞ്ച് മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച പിഎസ്ജി – മെസ്സി കരാർ ചർച്ച സംബന്ധിച്ച വാർത്തകളും തള്ളി. ഗാൾട്ടിയറുടെ ചില തീരുമാനങ്ങളോട് വിമുഖത പ്രകടിപ്പിച്ച് മെസ്സി കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ഇറങ്ങി പോയി എന്നായിരുന്നു മറ്റൊരു വാർത്ത. എന്നാൽ ഇതും നിരാകരിച്ചു കൊണ്ട് ജോർജെ മെസ്സി ഇങ്ങനെ കുറിച്ചു : “എത്ര നാൾ ഇവരി കള്ളം പറയും.??. എവിടെയാണ് ഇതിനൊക്കെ ഉള്ള തെളിവുകൾ.? ഇതെല്ലാം വ്യാജമാണ്”.
അതേ സമയം ജൂണോടെ അവസാനിക്കുന്ന മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ പുതുക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച ഇപ്പോഴും തീരുമാനം ആയിട്ടില്ല. ഡിസംബറിൽ ഇരു ഭാഗവും ധാരണയിൽ എത്തിയിരുന്നെങ്കിലും പിന്നീട് ഉണ്ടായ സംഭവ വികാസങ്ങൾ പുതിയ കരാർ ചർച്ചകൾ വൈകുന്നതിലേക്കാണ് എത്തിച്ചത്. ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകലും മെസ്സിയുടെ തീരുമാനത്തെ എങ്ങനെ ബാധിക്കും എന്നത് കണ്ടറിയേണ്ടതാണ്.