ഇത്തവണ ലോകകപ്പിൽ അർജന്റീന കടുപ്പമേറിയ ഗ്രൂപ്പിൽ ആണെന്ന് ലയണൽ മെസ്സി. അതിനാൽ തന്നെ ആദ്യ മത്സരത്തിൽ തന്നെ വിജയം നേടേണ്ടത് വളരെ അത്യാവശ്യമാണെന്നും താരം വ്യക്തമാക്കി. ബാഴ്‌സലോണയുടെ ഇതിഹാസ താരമായിരുന്ന സ്റ്റോയിഷ്കോവുമായി ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ലോകകപ്പിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ മെസ്സി പങ്കു വെച്ചത്. “ആദ്യ മത്സരത്തിൽ തന്നെ വിജയം നേടാൻ കഴിയുന്നത് ടീമിന്റെ ആത്മവിശ്വാസത്തെയും സ്വാധീനിക്കും. മൂന്ന് പോയിന്റ് ഉറപ്പാക്കിയ ശേഷം അടുത്ത മത്സരത്തിന് ഒരുങ്ങണം” മെസ്സി തങ്ങളുടെ പദ്ധതി വ്യക്തമാക്കി.
ഗ്രൂപ്പിലെ മൂന്ന് ടീമുകളും കടുപ്പമേറിയ എതിരാളികൾ ആണെന്ന് മെസ്സി നിരീക്ഷിച്ചു. “പോളണ്ട്, മെക്സിക്കോ, പിന്നെ സൗദി അറേബ്യ. എല്ലാം മികച്ച ടീമുകൾ. പന്ത് കൈവശം വെക്കാനും പ്രതിരോധിക്കാനും ഒരു പോലെ സാധിക്കുന്നവർ. അതിനാൽ തന്നെ മികച്ച പ്രകടനം ഉറപ്പാക്കേണ്ടതുണ്ട്.” മെസ്സി പറഞ്ഞു. സൗദി അറേബ്യയുമായിട്ടാണ് അർജന്റീനയുടെ ലോകകപ്പിലെ ആദ്യ മത്സരം. കരുത്തരായ മെക്സിക്കോയും ലെവെന്റോവ്സ്കിയുടെ പോളണ്ടും അടക്കം തുടക്കം മുതൽ ദുർഘടമാണ് കപ്പിലേക്കുള്ള അർജന്റീനയുടെ വഴി.