പാരീസ് സെന്റ് ജെർമെയ്‌നെ 11-ാം ഫ്രഞ്ച് ലീഗ് കിരീടം നേടാൻ സഹായിച്ചതിന് പിന്നാലെ എംബപ്പെ ഫ്രഞ്ച് ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ നാലാം തവണയാണ് ലീഗ് 1 മികച്ച കളിക്കാരനായി എംബപ്പെ തിരഞ്ഞെടുക്കപ്പെടുന്നത്. ഈ സീസണിൽ ലീഗിൽ 28 ഗോളുകൾ നേടിയ ഫ്രാൻസ് താരം ലീഗിലെ ടോപ് സ്കോററും ആയിരുന്നു. തുടർച്ചയായി അഞ്ചാം സീസണിൽ ആണ് ഫ്രഞ്ച് ലീഗിൽ ടോപ് സ്‌കോററായി എംബപ്പെ ഫിനിഷ് ചെയ്യുന്നത്.
ഈ സീസണിൽ ആകെ 40 ഗോളുകൾ എംബപ്പെ പി എസ് ജിൽ ആയി സ്‌കോർ ചെയ്തു. പിഎസ്‌ജിയ്‌ക്കൊപ്പം മൂന്ന് തവണ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ റെക്കോർഡ് എംബപ്പെ മറികടന്നു.
ക്ലബ്ബിനെ രണ്ടാം സ്ഥാനത്തേക്ക് നയിക്കുകയും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലേക്ക് തിരിച്ചുവരുകയും ചെയ്തതിന് ലെൻസ് പരിശീലകൻ ഫ്രാങ്ക് ഹെയ്‌സ് സീസണിലെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. ലെൻസ് ഗോൾകീപ്പർ ബ്രൈസ് സാംബ മികച്ച കീപ്പറായും പാരീസ് സെന്റ് ജെർമെയ്ൻ ലെഫ്റ്റ് ബാക്ക് ന്യൂനോ മെൻഡസ് മികച്ച യുവതാരമായും തിരഞ്ഞെടുക്കപ്പെട്ടു.