ഗോളടിച്ച് കൂട്ടി മാർക്കസ് വീണ്ടും!! ഗംഭീര ജയത്തോടെ ഗോകുലം

ഡ്യൂറണ്ട് കപ്പിൽ ഗോകുലം കേരള എഫ് സിക്ക് വീണ്ടുമൊരു വൻ വിജയം. ഇന്ന് തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ട്രാവുവിനെ നേരിട്ട ഗോകുലം കേരള എഫ് സി ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്ന ഗോകുകത്തിന് ഈ മത്സര ഫലം അപ്രസക്തമായിരുന്നു. എന്നിട്ടും യാതൊരു ദയയും ട്രാവുവിനോട് ഗോകുലം കാണിച്ചില്ല.

ഇന്നും ക്യാപ്റ്റൻ മാർകസ് ജോസഫിന്റെ മികവ് തന്നെയാണ് ഗോകുലത്തിന് വലിയ ജയം നൽകിയത്. ആദ്യ രണ്ട് മത്സരത്തിലുമായി അഞ്ചു ഗോളുകൾ നേടിയിരുന്ന മാർക്കസ് ഇന്ന് ഒരു ഹാട്രിക്ക് കൂടെ നേടി. രണ്ടാം പകുതിയിൽ ആയിരുന്നു നാലു ഗോളുകളും പിറന്നത്. 57ആം മിനുട്ടിൽ ആയിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോൾ പിറന്നത്. ബ്രൂണോയുടെ ക്രോസിൽ നിന്നായിരുന്നു മാർകസിന്റെ ഗോൾ.

64ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ആയിരുന്നു മാർകസിന്റെ രണ്ടാം ഗോൾ. 83ആം മിനുട്ടിൽ രാഹുൽ കെ പിയുടെ അസിസ്റ്റിൽ നിന്നായിരുന്നു മാർക്കസ് ഹാട്രിക്ക് നേടിയത്. ഇതിനിടയിൽ ഡിഫൻഡർ ആൻഡ്രെ എറ്റിയെന്നെയും ഗോകുലത്തിനായി ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷം റോജറിലൂടെ ട്രാവു ആശ്വാസ ഗോൾ നേടി.

ഓഗസ്റ്റ് 21ന് നടക്കുന്ന സെമിയിൽ ഈസ്റ്റ് ബംഗാളിനെ ആണ് ഗോകുലം കേരള എഫ് സി നേരിടുക.

Previous articleവാറിന് സ്ഥിരതയില്ല, വിമർശിച്ച് പെപ് ഗ്വാർഡിയോള
Next articleപരിക്ക്, സ്മിത്ത് ഇനി ലോർഡ്സ് ടെസ്റ്റിൽ കളിക്കില്ല!!