ലിവർപൂളിലേക്കുള്ള മാർക് ഗുഹിയുടെ ട്രാൻസ്ഫർ യാഥാർഥ്യമാവില്ല. 35 മില്യൺ പൗണ്ടിന് ഗുഹിയെ വാങ്ങാൻ ക്രിസ്റ്റൽ പാലസുമായി ലിവർപൂൾ ധാരണയായിരുന്നു. അഞ്ച് വർഷത്തെ കരാറിന് താരം സമ്മതിക്കുകയും മെഡിക്കൽ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഗുഹിക്ക് പകരം മറ്റൊരു താരത്തെ കണ്ടെത്താൻ കഴിയാത്തതിനാൽ ട്രാൻസ്ഫർ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് പാലസ് അധികൃതർ അറിയിച്ചു.

കോച്ച് ഒലിവർ ഗ്ലാസ്നർ താരത്തെ വിൽക്കാൻ തയാറല്ലെന്ന് ആദ്യം മുതലേ വ്യക്തമാക്കിയിരുന്നു. ടീൻ ഡിഫൻഡറായ ജയ്ഡി കാൻവോട്ടിനെ പാലസ് ടീമിലെത്തിച്ചെങ്കിലും ടീമിലെ പ്രധാനപ്പെട്ട താരമായ ഗുഹിക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. പാലസിന്റെ ക്യാപ്റ്റനും ടീമിന്റെ പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകവുമാണ് ഗുഹി. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എഫ്എ കപ്പ് നേടിയപ്പോൾ ഗുഹി നിർണായക പങ്കുവഹിച്ചിരുന്നു. ടീമിന്റെ വിജയവും താരത്തിന്റെ മൂല്യവും കൂട്ടുന്നതിന് ഗുഹി ടീമിൽ തുടരേണ്ടത് ആവശ്യമാണെന്ന് ഗ്ലാസ്നർ പറഞ്ഞു.
2021-ൽ ചെൽസിയിൽ നിന്ന് ക്രിസ്റ്റൽ പാലസിൽ എത്തിയതിന് ശേഷം 155 മത്സരങ്ങളിൽ അദ്ദേഹം പാലസിനായി കളിച്ചു. ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടി 23 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. അടുത്തിടെ അസ്റ്റൺ വില്ലക്കെതിരെ 3-0ന് ജയിച്ച മത്സരത്തിൽ ഗുഹി രണ്ടാം ഗോൾ നേടിയിരുന്നു.