അർജന്റീന ഇതിഹാസം ഡിയെഗോ മറഡോണ പരിശീലിപ്പിക്കുന്ന മെക്സിക്കൻ ക്ലബായ ദൊരാദോസിന് ഈ സീസണിലും പ്രൊമോഷൻ ഇല്ല. ഇന്നലെ നടന്ന പ്ലേ ഓഫിൽ പരാജയപ്പെട്ടതോടെയാണ് ദൊരാദോസ് മെക്സിക്കോയിലെ രണ്ടാം ഡിവിഷനിൽ തന്നെ തുടരും എന്ന് ഉറപ്പായത്. ഇന്നലെ മറഡോണയുടെ ടീമിനെ തോൽപ്പിച്ച അത്ലറ്റികോ സാൻ ലുയിസ് പ്രൊമോഷൻ നേടുകയും ചെയ്തു. ഇരു പാദങ്ങളിലായുള്ള പോരാട്ടം 2-1 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് അത്ലറ്റിക്കോ വിജയിച്ചത്.
ഇതോടെ മറഡോണ ക്ലബ് വിടുമെന്ന് ഏകദേശം ഉറപ്പായി. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു മറഡോണ ദൊരോദോസിന്റെ ചുമതലയേറ്റത്. നേരത്തെ തന്നെ മാനേജർ പദവി ഒഴിയും എന്ന് മറഡോണ ഭീഷണി മുഴക്കിയിരുന്നു. റഫറിമാർ തന്റെ ടീമിനെതിരെ നിരന്തരം നിലപാടെടുക്കുന്നു എന്ന് ആരോപിച്ചായിരുന്നു മറഡോണയുടെ ഭീഷണി.
ലീഗിൽ അവസാന സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ക്ലബിന്റെ ചുമതല മറഡോണ ഏറ്റെടുത്തത് നേരത്തെ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ആ ടീമിനെ പ്ലേ ഓഫ് വരെ എത്തിക്കാൻ മറഡോണയ്ക്കായി. മയക്കുമരുന്ന് ലോബിക്ക് കുപ്രസിദ്ധമായ നഗരത്തിലാണ് ദൊരാദോസ് ക്ലബ് കളിക്കുന്നത്. അതാണ് മറഡോണയെ മെക്സിക്കോയിൽ എത്തിച്ചത് എന്നു വിമർശനങ്ങൾ ഉയർന്നിരുന്നു. എന്തായാലും ക്ലബിൽ തുടരുമോ ഇല്ലയോ എന്ന് മറഡോണ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.