പ്രീമിയർ ലീഗ് സീസൺ വിജയത്തോടെ ആരംഭിച്ച് ആഴ്സണൽ. ഇന്ന് ഓൾഡ് ട്രാഫോർഡിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണൽ വിജയിച്ചത്. കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ചു നിന്നെങ്കിലും ഗോൾ കണ്ടെത്താൻ ആവാത്തത് അവർക്ക് നിരാശ നൽകി.

ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നന്നായി തുടങ്ങി എങ്കിലും സെറ്റ് പീസ് എന്ന വജ്രായുധത്തിലൂടെ ആഴ്സണൽ ലീഡ് എടുത്തു. 13ആം മിനുറ്റിൽ ഒരു കോർണറിൽ നിന്നായിരുന്നു ഗോൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ ബയിന്ദീറിന്റെ പഞ്ച് ഗോൾ വലയ്ക്ക് അടുത്ത് തന്നെ നിന്നപ്പോൾ കലിയഫൊരു അത് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം ആദ്യ പകുതിയിൽ നിരവധി നല്ല നീക്കങ്ങൾ നടത്തി. ഡോർഗുവിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്. കുഞ്ഞ്യയുടെ ഒരു ഷോട്ട് റയ മനോഹരമായി സേവ് ചെയ്യുകയും ചെയ്തു. ആദ്യ പകുതിയിൽ 1-0 എന്ന ലീഡ് ആഴ്സണൽ നിലനിർത്തി.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അമദ് ദിയാലോയെയും പുതിയ സൈനിംഗ് ആയ ഷെസ്കോയെയും രംഗത്ത് ഇറക്കി അറ്റാക്കിന്റെ മൂർച്ച കൂട്ടി. പക്ഷെ എന്നിട്ടും ആഴ്സണൽ ഡിഫൻസ് ഉറച്ചു നിന്നു. 74ആം മിനുറ്റിൽ എംബ്യൂമോയുടെ ഹെഡർ തകർപ്പൻ സേവിലൂടെ റയ രക്ഷപ്പെടുത്തി.