മാഞ്ചസ്റ്റർ യുണൈറ്റഡ്, ആസ്റ്റൺ വില്ലയുടെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഒല്ലി വാറ്റ്കിൻസിനായുള്ള ചർച്ചകൾ ആരംഭിച്ചു. എന്നാൽ, വില്ല ആവശ്യപ്പെടുന്ന 60 മില്യൺ പൗണ്ട് (ഏകദേശം 630 കോടി ഇന്ത്യൻ രൂപ) എന്ന തുക അധികമാണെന്നാണ് യുണൈറ്റഡ് കരുതുന്നത്. വില കുറയ്ക്കാൻ തയ്യാറാണെങ്കിൽ മാത്രമേ ഈ നീക്കവുമായി മുന്നോട്ട് പോകാൻ യുണൈറ്റഡ് ഒരുങ്ങുകയുള്ളൂ.

കഴിഞ്ഞ സീസണിൽ റാസ്മസ് ഹോയ്‌ലണ്ടിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരാത്ത സാഹചര്യത്തിൽ, പുതിയൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കേണ്ടത് യുണൈറ്റഡിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. പ്രീമിയർ ലീഗിൽ തന്നെ പ്രൂവ് ചെയ്തിട്ടുള്ള വാറ്റ്കിൻസ്, യുണൈറ്റഡിന്റെ പരിശീലകൻ റൂബൻ അമോറിമിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു ഓൾറൗണ്ട് സ്ട്രൈക്കർ എന്ന നിലയിൽ വാറ്റ്കിൻസിന്റെ കഴിവുകൾ യുണൈറ്റഡിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
ഒല്ലി വാറ്റ്കിൻസിനെ വിൽക്കാൻ ആസ്റ്റൺ വില്ല നിലവിൽ 60 മില്യണാണ് ആവശ്യപ്പെടുന്നത്. ഇപ്പോഴും ടീമിന്റെ പ്രധാന കളിക്കാരനായ വാറ്റ്കിൻസിന് വില്ലയുമായി 2 വർഷത്തെ കരാർ ഇപ്പോഴും ബാക്കിയുണ്ട്.
വാറ്റ്കിൻസിന്റെ പ്രായം (29 വയസ്സ്) പരിഗണിച്ച് 60 മില്യൺ പൗണ്ട് എന്ന തുക യുണൈറ്റഡിന് അമിതമായി തോന്നുന്നുണ്ട്. യുവ സ്ട്രൈക്കറായ ബെഞ്ചമിൻ സെസ്കോയുമായി താരതമ്യം ചെയ്യുമ്പോൾ വാറ്റ്കിൻസിന് കുറഞ്ഞ തുക മതിയാകുമെന്നാണ് പൊതുവെയുള്ള ധാരണ. റാസ്മസ് ഹോയ്‌ലണ്ടിനെ വിറ്റഴിച്ചാൽ മാത്രമേ വാറ്റ്കിൻസിനായുള്ള നീക്കങ്ങൾക്ക് യുണൈറ്റഡിന് കൂടുതൽ ഫണ്ട് കണ്ടെത്താനാകൂ എന്നും റിപ്പോർട്ടുകളുണ്ട്.
ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും, യുണൈറ്റഡ് ഔദ്യോഗികമായി ഒരു ബിഡ് സമർപ്പിച്ചിട്ടില്ലെന്നും വിവരങ്ങൾ പറയുന്നു.