ഈ ലോകകപ്പിൽ ഇതിനകം തന്നെ വലിയ സ്റ്റാർ ആയി മാറിയ ഹോളണ്ട് യുവതാരം കോഡി ഗാക്പോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ സ്വന്തമാക്കാൻ ശ്രമിക്കും എന്നാണ് വാർത്തകൾ. ഈ വാർത്തകളെ കുറിച്ച് ഗാക്പോ പ്രതികരിക്കുകയുണ്ടായി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ തന്നെ ഒരു ഓഫറുമായി സമീപിച്ചിട്ടില്ല എന്ന് ഗാക്പോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് വന്നാൽ താൻ ഒരു നീക്കത്തെ കുറിച്ച് ആലോചിക്കും എന്നും ഗാക്പോ പറഞ്ഞു.
കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കുറിച്ച് ചിന്തിച്ചിരുന്നു. അന്ന് അത് നടന്നില്ല. ഇനി എന്താകും എന്ന് തനിക്ക് വ്യക്തമായി അറിയില്ല എന്നും ഗാക്പോ പറഞ്ഞു.
23കാരനെ സ്വന്തമാക്കണം എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചുരുങ്ങിയത് 60 മില്യൺ എങ്കിലും നൽകേണ്ടി വരും. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പല ഓഫറുകൾ വന്നിട്ടും അത് ഒന്നും സ്വീകരിക്കാതെ ക്ലബിൽ തുടർന്ന കോഡി ഗാക്‌പോ PSVയിൽ ഗംഭീര ഫോമിൽ ആണ്. ഈ സീസണിൽ ക്ലബിനും രാജ്യത്തിനുമായി 18 ഗോളും 16 അസിസ്റ്റും ഗാക്പോ സംഭാവന ചെയ്തിട്ടുണ്ട്.
ഇപ്പോൾ പി എസ് വിയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ റൂഡ് വാൻ നിസ്റ്റെൽറൂയിയുടെ കീഴിലാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ പിഎസ്‌വിക്ക് വേണ്ടിയുള്ള പ്രകടനം കൊണ്ട് ഗാക്‌പോ ആ വർഷത്തെ ഡച്ച് ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ 12 ഗോളുകളും 12 അസിസ്റ്റും ഗാക്പോ ഡച്ച് ലീഗിൽ നേടിയിരുന്നു.
ടെൻ ഹാഗുമായി നല്ല ബന്ധമുള്ള ഗാക്പോയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ വരാൻ ആഗ്രഹിക്കുന്നുണ്ട്.