മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീട വഴിയിൽ തിരികെയെത്തി. ഇന്ന് കരബാവോ കപ്പിൽ ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടത്തിൽ മുത്തമിട്ടത്. എതിരില്ലാത്ത 2 ഗോളിന് പരാജയപ്പെടുത്തി കൊണ്ടാണ് മാഞ്ചസ്റ്റർ അവരുടെ 2017നു ശേഷമുള്ള ആദ്യ കിരീടം നേടിയത്. ടെൻ ഹാഗിന്റെ കീഴിലെ ആദ്യ കിരീടം എന്നതു കൊണ്ടും ഈ കിരീടം പ്രധാനമാണ്.
ഇന്ന് വെംബ്ലിയിൽ ഇരു ടീമും മികച്ച രീതിയിൽ ആണ് തുടങ്ങി. സെന്റ് മാക്സിമന്റെ ചുവടുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് പലപ്പോഴും വെല്ലുവിളി ആയി. ഒരു ഡി ഹിയയുടെ മികച്ച സേവും യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. എന്നാൽ അധികനേരം ന്യൂകാസിലിന് മികച്ചു നിൽക്കാൻ ആയില്ല. 33ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്കിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു.
ലൂക് ഷോ എടുത്ത ഫ്രീകിക്ക് മനോഹരമായ ഹെഡറിലൂടെ ബ്രസീലിയൻ താരം കസെമിറോ വലയിൽ എത്തിച്ചു. സ്കോർ 1-0. ഈ ഗോളോടെ ന്യൂകാസിൽ സമ്മർദ്ദത്തിലായി. 6 മിനുട്ടുകൾക്ക് അകം യുണൈറ്റഡിന്റെ രണ്ടാം ഗോൾ വന്നു.
യുണൈറ്റഡിന്റെ ഏറ്റവും ഫോമിലുള്ള താരം മാർക്കസ് റാഷ്ഫോർഡിലൂടെ ആയിരുന്നു രണ്ടാം ഗോൾ. വെഗോർസ്റ്റ് ഒറ്റയ്ക്ക് മുന്നേറി നൽകിയ പാസ് സ്വീകരിച്ചായിരുന്നു റഷ്ഫോർഡിന്റെ ഷോട്ട്. വലിയ ഡിഫ്ലക്ഷൻ വന്നതു കൊണ്ട് ഈ ഗോൾ സെൽഫ് ഗോളായാണ് രേഖപ്പെടുത്തിയത്. 2-0.
ഇതിനു ശേഷം വെഗോർസ്റ്റിലൂടെ യുണൈറ്റഡ് ഒരിക്കൽ കൂടെ ന്യൂകാസിൽ ഗോൾകീപ്പറിനെ പരീക്ഷിച്ചു. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ബിസാകയെ പകരക്കാരനായി കളത്തിൽ എത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡിലും അവരുടെ ഊർജ്ജവും വേഗതയും കുറയാത്ത പോരാട്ടം കാഴ്ചവെച്ചു.
69ആം മിനുട്ടിൽ ഫ്രെഡിനെയും വെഗോസ്റ്റിനെയും മാറ്റി മാഞ്ചസ്റ്റർ യുണൈറ്റഡ് സബിറ്റ്സറിനെയും മക്ടോമിനയെയും കളത്തിൽ ഇറക്കി. ന്യൂകാസിൽ യുണൈറ്റഡ് തുടരെ ആക്രമണങ്ങൾ അഴിച്ചു വിട്ടു എങ്കിലും അവർക്ക് യുണൈറ്റഡ് ഡിഫൻസിൽ വിടവ് കണ്ടെത്താൻ ആയില്ല. കൗണ്ടറുകളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ഉറപ്പിക്കാനുള്ള മൂന്നാം ഗോൾ നേടാനും ശ്രമിച്ചു. അവസാനം വരെ ഗംഭീരമായി ഡിഫൻഡ് ചെയ്ത് യുണൈറ്റഡ് വിജയവും കിരീടവുൻ ഉറപ്പിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആറാം ലീഗ് കപ്പ് കിരീടമാണിത്. 1991-92, 2005-06, 2008-09, 2009-10, 2016-17 വർഷങ്ങളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു മുമ്പ് ഈ കിരീടം നേടിയത്.