കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലെ അവരുടെ ഏറ്റവും മോശം പ്രകടനം ആണ് കാഴ്ചവെച്ചത്. എങ്കിലും റൂബൻ അമോറിം തന്നെയാണ് ക്ലബ്ബിനെ മുന്നോട്ട് നയിക്കാൻ ഏറ്റവും യോജിച്ച വ്യക്തിയാണെന്ന് മിഡ്ഫീൽഡർ മാനുവൽ ഉഗാർതെ ഉറപ്പിച്ചു പറഞ്ഞു. യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടൻഹാമിനോട് തോറ്റ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാകാതെ പോയ യുണൈറ്റഡ്, ലീഗിൽ 15-ാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.

നവംബറിൽ ചുമതലയേറ്റ അമോറിമിന് 27 ലീഗ് ഗെയിമുകളിൽ നിന്ന് ഏഴ് വിജയങ്ങൾ മാത്രമാണ് നേടാനായത്. എന്നിരുന്നാലും, ടീമിന്റെ പൂർണ്ണ പിന്തുണ അദ്ദേഹത്തിന് ഉണ്ടെന്ന് ഉഗാർതെ പറഞ്ഞു. മുമ്പ് സ്പോർട്ടിംഗിൽ അമോറിമിനൊപ്പം പ്രവർത്തിച്ചിട്ടുള്ള താരമാണ് ഉഗാർതെ.
“ഞങ്ങൾ പരിശീലകനിൽ വിശ്വസിക്കുന്നു, അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു. ടീം ഇപ്പോഴും ടാക്റ്റിക്സിലും കളിക്കാരിലും വരുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.