പുതിയ ഫുട്ബോൾ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് കിരീടവുമായി ആഴ്സണൽ തുടങ്ങി. ഇന്ന് സീസണിലെ ആദ്യ മത്സരമായ കമ്മ്യൂണിറ്റി ഷീൽഡിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന മത്സരത്തിന് ഒടുവിലാണ് ആഴ്സണൽ കിരീടം ഉയർത്തിയത്. ഇഞ്ച്വറി ടൈമിന്റെ പത്താം മിനുട്ടിൽ ആയിരുന്നു ആഴ്സണലിന്റെ ഇന്നത്തെ സമനില ഗോൾ വന്നത്. അതിനു ശേഷം ഷൂട്ടൗട്ടിൽ അവർ 4-1ന്റെ വിജയവും നേടി.
ആഴ്സണലിനായി ഇന്ന് അവരുടെ വലിയ മൂന്ന് സൈനിംഗുകളും കളത്തിൽ ഇറങ്ങിയിരുന്നു. കായ് ഹവേർട്സിന് നല്ല രണ്ട് അവസരങ്ങൾ ഗോൾ നേടാൻ ലഭിക്കുകയും ചെയ്തു. എന്നാൽ ഹവേർട്സിന് ആഴ്സണലിനെ മുന്നിൽ എത്തിക്കാൻ ആയില്ല. രണ്ടാം പകുതിയിൽ കെവിൻ ഡി ബ്രുയിനെ ഇറങ്ങിയപ്പോൾ ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ നീക്കങ്ങൾ നല്ല അവസരങ്ങളായി മാറാൻ തുടങ്ങിയത്.
മത്സരത്തിന്റെ 77ആം മിനുട്ടിൽ ആയിരുന്നു പാൽമറിന്റെ ഫിനിഷ്. താരത്തിന്റെ ഇടം കാലൻ ഫിനിഷ് കേർലർ മനോഹരമായി വലയിൽ പതിക്കുകയായിരുന്നു. 1-0. ഇതിനു ശേഷം ഫോഡന് ലീഡ് ഇരട്ടിയാക്കാൻ അവസരം ഉണ്ടായിരുന്നു. അതടക്കം രണ്ട് നല്ല സേവുകൾ റാംസ്ഡേൽ നടത്തിയത് കൊണ്ട് സ്കോർ 1-0ൽ നിന്നു.
മത്സരം ഫൈനൽ വിസിലിന് തൊട്ടു മുന്നിൽ എത്തി നിൽക്കെ ഒരു സെൽഫ് ഗോൾ ആഴ്സണലിന് സമനില നൽകി. ട്രൊസാർഡിന്റെ ഒരു ഷോട്ട് അകാഞ്ചിയിൽ തട്ടി സെൽഫ് ഗോളായി മാറുകയായിരുന്നു. തുടർന്ന് കളി ഷൂട്ടൗട്ടിൽ എത്തി. കെവിൻ ഡി ബ്രുയിനും റോഡ്രിയും മാഞ്ചസ്റ്റർ സിറ്റിയുടെ കിക്കുകൾ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടതോടെ ആഴ്സണൽ 4-1ന് ഷൂട്ടൗട്ട് വിജയിച്ച് കിരീടം നേടി.