പുതിയ ഗോൾകീപ്പർക്കായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ വിജയിക്കുന്നു. റോയൽ ആൻറ്‌വെർപ്പുമായി ചർച്ചകൾ പുരോഗമിക്കുന്നു എന്ന് അത്ലറ്റുക് റിപ്പോർട്ട് ചെയ്യുന്നു. 23-കാരനായ സെൻ ലാമൻസിനെയാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്. 6 അടി 4 ഇഞ്ച് ഉയരമുള്ള ലാമൻസ്, ബെൽജിയൻ പ്രോ ലീഗിൽ 52 മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായിട്ടാണ് എത്തുന്നത്. ലാമൻസ് വരുന്നതോടെ നിലവിൽ ടീമിലുള്ള ആന്ദ്രേ ഒനാനയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും.

ട്രാൻസ്ഫറിനായി ആൻറ്‌വെർപ്പ് 20 മില്യൺ യൂറോയാണ് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒനാനയെ വിറ്റാൽ മാത്രമേ പുതിയ ഗോൾകീപ്പറെ ടീമിലെത്തിക്കൂ എന്നതായിരുന്നു യുണൈറ്റഡിന്റെ ആദ്യ തീരുമാനം. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഒനാനയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയത് നിലവിലെ ഗോൾകീപ്പിംഗ് ഓപ്ഷനുകളിലുള്ള ക്ലബ്ബിന്റെ ആശങ്ക വർദ്ധിപ്പിച്ചു. നേരത്തെ എമി മാർട്ടിനെസ്, ജിയാൻലൂജി ഡൊണ്ണറുമ്മ തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിച്ചിരുന്നു. എങ്കിലും ഉയർന്ന വേതനവും മറ്റ് ചില കാരണങ്ങളും ആ നീക്കങ്ങൾ തടസ്സപ്പെടുത്തി.
ലാമൻസിന്റെ വരവ് അൽതായ് ബായിന്ദിറിന്റെ ഭാവിയെയും ബാധിച്ചേക്കാം. ആഫ്രിക്കൻ നേഷൻസ് കപ്പിൽ കാമറൂണിനായി കളിക്കേണ്ടി വരുന്നതിനാൽ ഒനാനയ്ക്ക് ചില മത്സരങ്ങൾ നഷ്ടമാകും. അതുകൊണ്ട് തന്നെ ടീമിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഒരു അധിക ഗോൾകീപ്പർ അത്യാവശ്യമാണെന്ന് യുണൈറ്റഡ് കരുതുന്നു.