2025-26 സീസണിലേക്കുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ മൂന്നാം നമ്പർ ജേഴ്‌സി ഔദ്യോഗികമായി പുറത്തിറക്കി. പതിവ് ഡിസൈനുകളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണത്തെ ജേഴ്സി അഡിഡാസ് ഒരുക്കിയിരിക്കുന്നത്. ആകർഷകമായ മഞ്ഞയും നീലയും നിറങ്ങളുള്ള കറുത്ത ജേഴ്സിയാണ് ഇത്തവണ ക്ലബ്ബിനായി ഒരുക്കിയിരിക്കുന്നത്.
ഇതിൽ ക്ലബ്ബിന്റെ ലോഗോ മഞ്ഞനിറത്തിൽ നൽകിയിരിക്കുന്നു. സ്നാപ്ഡ്രാഗൺ ആണ് പ്രധാന സ്പോൺസർ. അഡിഡാസിന്റെ റെട്രോ ട്രെഫോയിൽ ലോഗോയും നൽകിയിട്ടുണ്ട്. ജേഴ്‌സിക്ക് ഒരു ക്ലാസിക് ഫുട്ബോൾ ശൈലി നൽകുന്നതിനോടൊപ്പം ആധുനിക സ്ട്രീറ്റ്‌വെയർ സൗന്ദര്യവും ചേർന്ന ഒരു രൂപമാണ് നൽകിയിരിക്കുന്നത്.
മുൻ താരം ഡിമിറ്റർ ബെർബറ്റോവും ഇപ്പോഴത്തെ യുണൈറ്റഡ് താരങ്ങളും ചേർന്നാണ് ജേഴ്സിയുടെ പ്രകാശനം നിർവഹിച്ചത്. ജേഴ്സിയുടെ തോളുകളിലെ മഞ്ഞനിറത്തിലുള്ള ത്രീ-സ്ട്രൈപ്പ് ഡിസൈനും കോളർ ട്രിമ്മും കറുത്ത പശ്ചാത്തലത്തിന് മുകളിൽ വേറിട്ടുനിൽക്കുന്നു. ഇതിൽ നീലനിറത്തിലുള്ള ആക്സന്റുകൾ ആകർഷകമായ രൂപം നൽകുന്നു. റെട്രോ-മോഡേൺ ക്രോസ്ഓവർ ശൈലിയിലുള്ള ഈ ജേഴ്സി സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു.











