ആർബി ലെപ്സിഗ് സ്ട്രൈക്കർ ബെഞ്ചമിൻ സെസ്‌കോയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. താരത്തിന് ഓൾഡ് ട്രാഫോർഡിലേക്ക് വരാനാണ് താൽപര്യമെന്ന് മനസ്സിലാക്കിയതോടെ സൈനിംഗ് പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഏകദേശം 90 മില്യൺ യൂറോയുടെ ഉയർന്ന തുക വാഗ്ദാനം ചെയ്ത് ന്യൂകാസിൽ യുണൈറ്റഡ് രംഗത്തുണ്ടെങ്കിലും, സെസ്‌കോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാനാണ് താൽപര്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരു പ്രീമിയർ ലീഗ് ക്ലബ്ബുകളും ലെപ്സിഗിന് മികച്ച ഓഫറുകൾ സമർപ്പിച്ചിട്ടുണ്ട്. സെസ്‌കോക്ക് വ്യക്തിപരമായുള്ള കരാർ വ്യവസ്ഥകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സമർപ്പിക്കുകയും ലെപ്സിഗുമായുള്ള ചർച്ചകൾ തുടരുകയും ചെയ്യുന്നതിനാൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേരുമെന്ന് ക്ലബ് വിശ്വസിക്കുന്നു.
ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ലെപ്സിഗ് ഇരു ക്ലബ്ബുകളുടെയും ഓഫറുകൾ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ട്രാൻസ്ഫർ സാധ്യതകൾ നിലനിൽക്കുന്നതിനാൽ സെസ്‌കോ ടീമിനൊപ്പം പരിശീലനം നടത്താതെ മാറി നിൽക്കുകയാണ്. ന്യൂകാസിലിന് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ വാഗ്ദാനം ചെയ്യാൻ കഴിയുമെങ്കിലും, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രപരമായ പാരമ്പര്യം സെസ്‌കോയെ ആകർഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ.