എഫ്.എ കപ്പിന്റെ ഫൈനലിൽ വാട്ഫോർഡിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടം കൂടിയപ്പോൾ അത് തുണയായത് ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന്. മാഞ്ചസ്റ്റർ സിറ്റി കിരീടം നേടിയതോടെ അടുത്ത വർഷത്തെ യൂറോപ്പ ലീഗിനുള്ള ഗ്രൂപ്പ് ഘട്ടത്തിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ട് യോഗ്യത നേടി. ഇന്നലെ വാട്ഫോർഡ് ആണ് ജയിച്ചിരുന്നതെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് യൂറോപ്പ ലീഗിന്റെ ക്വാളിഫിക്കേഷൻ ഘട്ടം മുതൽ കളിക്കേണ്ടി വന്നേനെ.
മാത്രവുമല്ല ഓഗസ്റ്റ് 10ന് തുടങ്ങുന്ന പ്രീമിയർ ലീഗിന് മുൻപ് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്പ ലീഗ് മത്സരങ്ങൾ തുടങ്ങുമായിരുന്നു. ജൂലൈ 25 മുതലായിരുന്നു യൂറോപ്പ ലീഗിന്റെ രണ്ടാം ഘട്ട യോഗ്യത മത്സരങ്ങൾ. സിറ്റിയുടെ ജയത്തോടെ നേരത്തെ യൂറോപ്പ സീസൺ തുടങ്ങുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രക്ഷപെടുകയായിരുന്നു. ഇന്നലെ വാട്ഫോർഡ് തോറ്റതോടെ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്തുള്ള വോൾവ്സ് 39 വർഷങ്ങൾക്ക് ശേഷം യൂറോപ്യൻ ഫുട്ബോളിന് യോഗ്യത നേടുകയും ചെയ്തു.