പുതിയ സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ജപ്പാനിൽ എത്തിയ ബയേൺ മ്യൂണിച്ചും മാഞ്ചസ്റ്റർ സിറ്റിയും മുഖാമുഖം വന്നപ്പോൾ ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്ക് ഒന്നിനെതിരെ രണ്ടു ഗോൾ വിജയം. ജെയിംസ് മാക്അറ്റി, അയ്മെറിക് ലപോർട് എന്നിവർ സിറ്റിക്ക് വേണ്ടി വല കുലുക്കിയപ്പോൾ യുവതാരം മാതിസ് ടെൽ ആണ് ബയേണിന്റെ ഗോൾ കണ്ടെത്തിയത്. സിറ്റിയുടെ അടുത്ത മത്സരം അത്ലറ്റികോ മാഡ്രിഡുമായും ബയേണിന് ജപ്പാനിസ് ക്ലബ്ബ് ആയ കവസാക്കിയുമായാണ്.
കരുത്തരായ എതിരാളികൾക്കെതിരെ മുൻ നിര താരങ്ങളെ തന്നെ അണിനിരത്തിയാണ് ഇരു ടീമുകളും കളത്തിൽ എത്തിയത്. ബയേണിൽ ടീം വിടാൻ ഒരുങ്ങുന്ന യാൻ സോമ്മർ പോസ്റ്റിന് കീഴിൽ എത്തിയപ്പോൾ മസ്രോയി, ഉപമേങ്കാനോ, പവാർഡ്, ഡേവിസ് എന്നിവർ പ്രതിരോധത്തിലും കിമ്മിച്ച്, മുസ്യാല, പുതിയ താരമായ ലെയ്മർ എന്നിവർ മധ്യനിരയിലും ഇറങ്ങി. സാനെ, കോമൻ, ഗ്നാബറി എന്നിവർ ആക്രമണം നയിച്ചു. അൽവാരസ്, ഗ്രീലിഷ്, ബെർനാഡോ എന്നിവരെ കളത്തിൽ ഇറക്കിയ സിറ്റി ആവട്ടെ ചെൽസിയിൽ നിന്നെത്തിയ കോവാസിച്ചിനും അവസരം നൽകി. പോസ്റ്റിന് കീഴിൽ എഡേഴ്സൻ തന്നെ എത്തി. മത്സരത്തിന്റെ 21ആം മിനിറ്റിൽ സിറ്റി ലീഡ് എടുത്തു. യുവതാരം റിക്കോ ലൂയിസിന്റെ മിന്നുന്ന നീക്കമാണ് ഗോളിൽ കലാശിച്ചത്. എതിർ പ്രതിരോധത്തെ മറികടന്ന് മുന്നേറിയ താരം നൽകിയ ബോളിൽ അൽവാരസ് ഷോട്ട് ഉതിർത്തു. യാൻ സോമ്മർ പന്ത് തടുത്തിട്ടെങ്കിലും അവസരം കാത്തിരുന്ന മാക്അറ്റി അനായാസം വല കുലുക്കി. സാനെയുടെ പോസ്റ്റിൽ ഇടിച്ചു തെറിച്ച ഫ്രീകിക്കും മുസ്‌യാലയുടെ പോസ്റ്റിന് മുൻപിൽ നിന്നുള്ള ഷോട്ടും ആയിരുന്നു ബയേണിന് ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരങ്ങൾ.
രണ്ടാം പകുതിയിൽ ഇരു ടീമുകളും അനവധി മാറ്റങ്ങളുമായി എത്തി. ബയേൺ കൂടുതൽ യുവതാരങ്ങളെ കളത്തിൽ ഇറക്കി. ഹാലണ്ട്, കാൻസലോ അടക്കം സിറ്റിക്ക് വേണ്ടിയും ഇറങ്ങി. സമനില ഗോളിന് വേണ്ടി 81ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഇടത് വിങ്ങിലൂടെ എത്തിയ മുന്നേറ്റം കൈക്കലാക്കാൻ എഡേഴ്സൻ പരാജയപ്പെട്ടപ്പോൾ മത്തിസ് ടെൽ വല കുലുക്കി. എന്നാൽ മുഴുവൻ സമയത്തിന് നാല് മിനിറ്റ് ശേഷിക്കേ ലപോർട് ഗോളുമായി സിറ്റിയ്ക്ക് വിജയം സമ്മാനിച്ചു.