2025-26 പ്രീമിയർ ലീഗ് സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ തുടക്കം. മോളീന്യൂക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ സിറ്റി 4-0ന് തകർത്തു. എർലിംഗ് ഹാളണ്ട് രണ്ട് ഗോളുകൾ നേടി. 34-ഉം 61-ഉം മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ.

ടീമിന്റെ പുതിയ സൈനിംഗ് ടിജ്ജാനി റെയിൻഡേഴ്സ് തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വലകുലുക്കി (37-ാം മിനിറ്റിൽ). റൊമെയ്ൻ ഷെർക്കിയും 81-ാം മിനിറ്റിൽ ഗോൾ നേടി തന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റം ആഘോഷിച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ആദ്യ ഗോൾ പിറന്നു. പ്രതിരോധതാരം റിക്കോ ലൂയിസ് നൽകിയ മികച്ച ക്രോസിൽ നിന്ന് ഹാളണ്ട് അനായാസം പന്ത് വലയിലെത്തിച്ചു. റെയിൻഡേഴ്സ് ആണ് ഈ നീക്കം ആരംഭിച്ചത്.
മിനിറ്റുകൾക്ക് ശേഷം പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് റെയിൻഡേഴ്സ് തൊടുത്ത ഒരു ഷോട്ട് വലയുടെ താഴെ വലത് മൂലയിലേക്ക് പതിച്ചതോടെ സിറ്റിയുടെ ലീഡ് ഇരട്ടിയായി. മൂന്നാം ഗോളിലും റെയിൻഡേഴ്സിന്റെ പങ്ക് ഉണ്ടായിരുന്നു. റെയിൻഡേഴ്സ് വലത് വശത്ത് നിന്ന് നൽകിയ പാസ് സ്വീകരിച്ച് ഹാളണ്ട് ബോക്സിനുള്ളിൽ നിന്ന് തന്റെ രണ്ടാം ഗോൾ നേടി.
അവസാനം നിക്കോ ഒ’റെയ്‌ലിയുമായി നടത്തിയ നീക്കത്തിനൊടുവിൽ ഷെർക്കി ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ സിറ്റിയുടെ നാലാം ഗോൾ നേടി വിജയം ഉറപ്പിച്ചു.