മലപ്പുറം എഫ്.സി.യുടെ പുതിയ മുഖ്യ പരിശീലകൻ സ്പെയിനിൽ നിന്നുള്ള മിഗ്വേൽ ടൊറൈറക്ക് ഹൃദ്യമായ വരവേൽപ് നൽകി ക്ലബ്ബിൻറെ ആരാധക കൂട്ടായ്മയായ അൾട്രാസും ടീം മാനേജ്‌മെന്റും. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ 3 മണിയോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.

കോച്ചിനോടുള്ള താൽപര്യവും സ്നേഹവും പ്രകടമാക്കിയ ആരാധകർ പൂക്കളും പ്ലക്കാർഡുകളും ക്ലബ് സ്കാർഫുകളുമായി പരിശീലകനെ കൈയ്യടികളോടെയും ചാന്റുകളോടെയുമാണ് സ്വീകരിച്ചത്. ക്ലബ്ബിന്റെ ഭാഗത്ത് നിന്നും സ്കൗട്ടിംഗ് ഡയറക്ടർ അനസ് എടത്തൊടിക, ടീം മാനേജർ മുഹമ്മദ് റാഫി, ഡാനിഷ് ഹൈദ്രോസ്, നിധീഷ് മോഹൻ എന്നിവരും പരിശീലകനെ സ്വീകരികാനുണ്ടായിരുന്നു.
“ഈ ക്ലബ്ബിന്റെ ഭാഗമാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു, അൾട്രാസാണ് ഏറ്റവും മികച്ച ആരാധകരെന്നും ഇത്രയും വൈകിയ സമയത്തും തന്നെ സ്വീകരിക്കാൻ വേണ്ടി കാത്ത് നിന്നതിന് എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും മിഗ്വേൽ ടൊറൈറ ആദ്യ പ്രതികരണത്തിൽ പറഞ്ഞു. അടുത്ത ദിവസം മുതൽ തന്നെ ടീം പരിശീലനം ആരംഭിക്കും എന്ന് ക്ലബ് വൃത്തങ്ങൾ അറിയിച്ചു.