കൊറോണ വൈറസ് ബാധ കാരണം ഉണ്ടായ പ്രതിസന്ധി ചില ക്ലബുകൾ മുതലെടുക്കുകയാണെന്ന് മുൻ ഡച്ച് പരിശീലകൻ വാൻ ഹാൽ. ഡച്ച് ലീഗിലെ ക്ലബുകൾ സീസൺ അവസാനിപ്പിക്കാൻ വേണ്ടി മുന്നോട്ട് വന്നതിനെയാണ് വാൻ ഹാൽ രൂക്ഷമായി വിമർശിച്ചത്. എന്തെങ്കിലും തീരുമാനം വേണമെങ്കിൽ ഫിഫയും യുവേഫയും എടുക്കും എന്നും അല്ലാതെ ക്ലബുകൾ എളുപ്പ പണി നോക്കരുത് എന്നും വാൻ ഹാൽ പറഞ്ഞു.
ലീഗിൽ ഒന്നാമതുള്ള അയാക്സ് ഉൾപ്പെടെ എട്ടു ക്ലബുകൾ ഡച്ച് ലീഗ് ഉപേക്ഷിക്കണം എന്ന ആവശ്യവുമായി വന്നിരുന്നു. എന്നാൽ സീസണിൽ ഇനിയും കാൽ ഭാഗം മത്സരം ബാക്കി ഇരിക്കെ ടീമുകൾ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തുന്നത് എന്ന് വാൻ ഹാൽ ചോദിക്കുന്നു. ചിലർക്ക് റിലഗേഷനിൽ നിന്ന് രക്ഷപ്പെടാനും ചിലർക്ക് കിരീടം കൈവിട്ട് പോകാതിരിക്കാനുമാണ് ഈ നീക്കമെന്നും വാൻ ഹാൽ വിമർശിച്ചു.
സീസൺ നടത്തേണ്ട എന്നും ആർക്കും കിരീടം നൽകേണ്ടതില്ല എന്നുമായിരുന്നു നിലവിലെ ചാമ്പ്യന്മാരായ അയാക്സ് ആവശ്യപ്പെട്ടിരുന്നത്. അയാക്സിന് പിന്തുണയായി അയാക്സിന്റെ അതേ പോയന്റുമായി ലീഗിൽ അയാക്സിന് ഒപ്പമുള്ള A Z ആൽക്മാറും രംഗത്തെത്തിയിരുന്നു.