റയൽ മാഡ്രിഡിനായി 13 വർഷം നീണ്ട മിന്നുന്ന അധ്യായത്തിന് വിരാമമിട്ട് ലൂക്കാ മോഡ്രിച്ച് ബുധനാഴ്ച രാത്രി തന്റെ അവസാന മത്സരം കളിച്ചു. ക്ലബ് ലോകകപ്പ് സെമിഫൈനലിൽ പാരീസ് സെന്റ് ജെർമെയ്നെതിരെ റയൽ മാഡ്രിഡിന്റെ വെള്ള ജേഴ്സിയിൽ 597-ാമത്തെ മത്സരത്തിനാണ് ഈ ക്രൊയേഷ്യൻ മാന്ത്രികൻ ഇറങ്ങിയത്. ജൂഡ് ബെല്ലിംഗ്ഹാമിന് പകരക്കാരനായി 65-ാം മിനിറ്റിൽ കളത്തിലെത്തിയപ്പോൾ സ്കോർ 0-4 എന്ന നിലയിലായിരുന്നതിനാൽ, മോഡ്രിച്ചിന് കളിയിൽ സ്വാധീനം ചെലുത്താനോ റയൽ മാഡ്രിഡിന്റെ ടൂർണമെന്റിൽ നിന്നുള്ള പുറത്താകൽ തടയാനോ സാധിച്ചില്ല.

ആറ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 2018-ലെ അഭിമാനകരമായ ബാലൺ ഡി ഓർ പുരസ്കാരവും ഉൾപ്പെടെ റെക്കോർഡ് 28 ട്രോഫികൾ മോഡ്രിച് റയലിനൊപ്പം നേടി. 39-കാരനായ മോഡ്രിച്ച് ക്ലബിൽ ശ്രദ്ധേയമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചാണ് മടങ്ങുന്നത്.
റയൽ മാഡ്രിഡുമായുള്ള യാത്ര അവസാനിച്ചെങ്കിലും, മോഡ്രിച്ച് പ്രൊഫഷണലായി കളിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. താരം എസി മിലാനുമായി കരാർ ഒപ്പുവെക്കുന്നതിന് അടുത്താണ്. മിലാൻ പരിശീലകൻ തന്നെ ക്ലബ് ലോകകപ്പിന് ശേഷം മോഡ്രിച് ക്ലബിൽ എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്നു.