റെക്കോർഡ് തുകയ്ക്ക് സ്വീഡിഷ് സ്ട്രൈക്കർ അലക്സാണ്ടർ ഇസാക്കിനെ സ്വന്തമാക്കി ലിവർപൂൾ. ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് 125 മില്യൺ പൗണ്ടിനാണ് (ഏകദേശം 130 മില്യൺ പൗണ്ട് ന്യൂകാസിലിന്) ലിവർപൂൾ താരത്തെ ആൻഫീൽഡിൽ എത്തിച്ചത്. എൻസോ ഫെർണാണ്ടസിനായി ചെൽസി മുമ്പ് സ്ഥാപിച്ച റെക്കോർഡാണ് ഈ കൈമാറ്റത്തിലൂടെ തകർന്നത്. വൈദ്യപരിശോധനകൾക്ക് ശേഷം ആറ് വർഷത്തെ കരാറിൽ ഇസാക്ക് ലിവർപൂളിനൊപ്പം ചേരും.

കഴിഞ്ഞ സീസണിൽ 42 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഇസാക്ക്. താൻ ന്യൂകാസിൽ വിടുകയാണെന്ന് താരം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ താരവുമായി വേർപിരിയുന്നത് സംബന്ധിച്ച് ക്ലബ്ബും താരവും തമ്മിൽ മാസങ്ങളോളം തർക്കങ്ങളുണ്ടായിരുന്നു. എന്നാൽ, നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനൊപ്പം ചേരാനുള്ള ഇസാക്കിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ് ഒടുവിൽ ന്യൂകാസിൽ സമ്മതം മൂളുകയായിരുന്നു.
ഇസാക്കിനെ കൂടാതെ ഫ്ലോറിയൻ വിർട്സ്, ഹ്യൂഗോ എകിറ്റികെ, മിലോസ് കെർകെസ്, ജെറമി ഫ്രിംപോങ്, ജിയോവാനി ലിയോണി തുടങ്ങിയ പ്രമുഖ താരങ്ങളെയും ലിവർപൂൾ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കി. 250 മില്യൺ പൗണ്ടിനു മുകളിലാണ് ക്ലബ് ഈ സമ്മറിൽ ഇതുവരെയായി ചിലവഴിച്ചത്. ഇതിലൂടെ ലീഗിലെ ആധിപത്യം നിലനിർത്താനുള്ള ലിവർപൂളിന്റെ ലക്ഷ്യമാണ് വ്യക്തമാകുന്നത്. അതേസമയം, ക്ലബ് റെക്കോർഡ് തുകയ്ക്ക് നിക്ക് വോൾടെമേഡിനെ ടീമിലെത്തിച്ച ന്യൂകാസിലിന് ഇസാക്കിന്റെ കൈമാറ്റം വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്.