നാപോളിക്ക് മുൻപിൽ ദയനീയ തോൽവിയേറ്റുവാങ്ങി ലിവർപൂൾ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് നാപോളി ലിവർപൂളിനെ തോൽപ്പിച്ചത്. നേരത്തെ സെവിയ്യയോടും ഡോർട്മുണ്ടിനോടും പ്രീ സീസണിൽ ലിവർപൂൾ തോറ്റിരുന്നു. മുന്നേറ്റ നിരയിൽ സല, ഫിർമിനോ, മാനെ എന്നിവരില്ലാതെ ഇറങ്ങിയ ലിവർപൂൾ ആക്രമണത്തിൽ പലപ്പോഴും മികവ് പുറത്തെടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസം മാത്രം ലിവർപൂളിൽ എത്തിയ ഹാർവി എലിയട്ടിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്തുകൊണ്ട് ഇൻസൈൻ ആണ് നാപോളിയുടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് അധികം താമസിയാതെ അർകാടിയൂസ് മിലികിലൂടെ നാപോളി ലീഡ് ഉയർത്തുകയായിരുന്നു.
തുടർന്ന് രണ്ടാം പകുതിയിൽ മെച്ചപെട്ട പ്രകടനം കാഴ്ചവെക്കാൻ ലിവർപൂൾ ശ്രമം നടത്തിയെങ്കിലും മൂന്നാമത്തെ ഗോൾ നേടി നാപോളി ലിവർപൂളിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. ഇത്തവണ ലിവർപൂൾ ഗോൾ കീപ്പർ മിഗ്നോലെയുടെ സേവിൽ നിന്ന് ലഭിച്ച റീബൗണ്ട് ഗോളാക്കി അമിൻ യൂനിസ് നാപോളിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.