ഓസ്റ്റിൻ: എംഎൽഎസ് ഓൾ-സ്റ്റാർ ഗെയിമിൽ നിന്ന് പിന്മാറിയ ലയണൽ മെസ്സിക്കും ജോർഡി ആൽബയ്ക്കും ഒരു മത്സരത്തിൽ നിന്ന് വിലക്ക് നേരിടേണ്ടി വരുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലീഗ് എംഎക്സിനെതിരായ ബുധനാഴ്ച ഓസ്റ്റിനിൽ നടന്ന പ്രദർശന മത്സരത്തിൽ ഇന്റർ മിയാമി താരങ്ങളായ ഇരുവരും കളിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഔദ്യോഗിക വിശദീകരണമൊന്നും നൽകാതെ ഇരുവരും മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

പരിക്കോ മറ്റ് സാധുവായ കാരണങ്ങളോ വ്യക്തമാക്കാത്ത പക്ഷം ഇത്തരം സാഹചര്യങ്ങളിൽ കളിക്കാരെ സസ്പെൻഡ് ചെയ്യാൻ എംഎൽഎസ് നിയമങ്ങൾ അനുവദിക്കുന്നുണ്ട്. തിരക്കേറിയ മത്സരക്രമവും സമീപകാലത്തെ പരിക്കുകളും ചൂണ്ടിക്കാട്ടി പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മയാമി പരിശീലകൻ ജാവിയർ മഷെരാനോ നേരത്തെ സൂചിപ്പിച്ചിരുന്നു.
ഫിഫ ക്ലബ് ലോകകപ്പിൽ അടുത്തിടെ ഇരു കളിക്കാരും പങ്കെടുത്തിരുന്നു. കൂടാതെ ഇരുവർക്കും തുടർച്ചയായി ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടായിരുന്നു.