പുതിയ കോച്ചും പുതിയ താരങ്ങളുമായി ഇറങ്ങിയ പിഎസ്ജിക്ക് ലീഗിലെ ആദ്യ മത്സരത്തിൽ സമനിലയോടെ ആരംഭം. സ്വന്തം തട്ടകത്തിൽ ലോറിയന്റുമായാണ് ഫ്രഞ്ച് ചാമ്പ്യന്മാർ ഗോൾ രഹിതമായി പിരിഞ്ഞത്. ടീം വിടുമെന്ന് ഉറപ്പായ എംബപ്പെ, നെയ്മർ എന്നിവർ പ്രതീക്ഷിച്ച പോലെ സക്വാഡിൽ ഉണ്ടായിരുന്നില്ല. ബാഴ്സയിൽ നിന്നെത്തിയ ഡെംബലെയേയും അടുത്ത മത്സരത്തോടെ മാത്രമേ പിഎസ്ജി ജേഴ്സിയിൽ കാണാൻ സാധിക്കൂ.
ട്രാൻസ്ഫർ വിൻഡോയിൽ അടിമുടി മാറിയ പിഎസ്ജി പുതിയ താരങ്ങളെ എല്ലാം ആദ്യ ഇലവനിൽ തന്നെ ഇറക്കി. ലീ കാങ് ഇനും അസെൻസിയോയും ഗോൺസാലോ റാമോസും മുന്നേറ്റം നയിച്ചു. വിടിഞ്ഞക്കൊപ്പം മാനുവൽ ഉഗാർതെ ടീമിൽ എത്തി. പ്രതിരോധത്തിൽ സ്ക്രിനിയർ, ലൂക്കസ് ഹെർണാണ്ടസ് എന്നിവരും അണിനിരന്നു. പിഎസ്ജിക്ക് തന്നെ ആയിരുന്നു ആദ്യ പകുതിയിൽ കൃത്യമായ മുന്നേറ്റം. എട്ടാം മിനിറ്റിൽ അസെൻസിയോയുടെ പാസിൽ റാമോസിന്റെ ഷോട്ട് കീപ്പർ തട്ടിയകറ്റി. ഹെർണാണ്ടസിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.
രണ്ടാം പകുതിയിലും കാര്യങ്ങൾ മാറിയില്ല. പല തവണ എതിർ ബോക്സിലേക്ക് എത്തിയിട്ടും ലക്ഷ്യം കാണുന്നതിൽ മാത്രം പിഎസ്ജിക്ക് പിഴച്ചു. മത്സരത്തിൽ ആകെ 78% ഓളം പന്ത് കൈവശം വെച്ചത് പിഎസ്ജി ആയിയുന്നു. ആയിരത്തോളം പാസും പൂർത്തിയാക്കി. മത്സരത്തിലെ മികച്ച അവസരങ്ങളിൽ ഒന്നിൽ ഫാബിയൻ റൂയിസ് ബോസ്കിനുള്ളിൽ നിന്നും തൊടുത്ത ഷോട്ട് ലോറിയന്റ് പ്രതിരോധം തടുത്തു. ഇടക്ക് ലോറിയന്റ് എതിർ ബോക്സിലേക്ക് എത്തിയെങ്കിലും ഡോന്നറുമയെ പരീക്ഷിക്കാൻ മാത്രം മൂർച്ചയുള്ള ആക്രമണം മെനയാൻ അവർക്കായില്ല. ഇഞ്ചുറി ടൈമിൽ സോളറുടെ ഷോട്ട് കീപ്പർ തടുത്തപ്പോൾ മത്സരത്തിലെ അവസാന അവസരത്തിൽ ഉഗാർതെയുടെ ഷോട്ട് പോസ്റ്റിനിരുമി കടന്ന് പോയി. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു.