ഹാട്രിക്ക് തിളക്കത്തിൽ എമ്പപ്പെ, വൻ ജയത്തോടെ പി എസ് ജി ഫ്രഞ്ച് കപ്പ് ഫൈനലിൽ

- Advertisement -

പി എസ് ജി തുടർച്ചയായ അഞ്ചാം തവണയും ഫ്രഞ്ച് കപ്പിന്റെ ഫൈനലിലേക്ക് മുന്നേറി. ഇന്നലെ നടന്ന സെമി ഫൈനലിൽ ഒളിമ്പിക് ലിയോണെ തകർത്ത് എറിഞ്ഞ് കൊണ്ടാണ് പി എസ് ജി ഫൈനലിലേക്ക് മുന്നേറിയത്. തികച്ചു ഏകപക്ഷീയമായ പ്രകടനത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. എമ്പപ്പെ പി എസ് ജിക്കു വേണ്ടി ഹാട്രിക്കുമായി തിളങ്ങി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് പി എസ് ജി പൊരുതി കയറിയത്.

കളിയുടെ 11ആം മിനുട്ടിൽ ആയിരുന്നു ലിയോൺ ഗോൾ നേടിയത്. ടെറിയറിന്റെ വകയായിരുന്നു ഗോൾ. എന്നാൽ അധികം താമസിയാതെ 15ആം മിനുട്ടിൽ തന്നെ സമനില കണ്ടെത്താൻ പി എസ് ജിക്ക് ആയി. എമ്പപ്പെയുടെ വകയായിരുന്നു സമനില ഗോൾ. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ മാർസാൽ ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയതോടെ ലിയോണിന്റെ കാര്യങ്ങൾ കുഴഞ്ഞു. പിന്നെ ഒന്നിനു പിറകെ ഒന്നായി പി എസ് ജി ഗോളുകൾ വന്നു.

64ആം മിനുട്ടിൽ നെയ്മറിലൂടെ ആദ്യമായി പി എസ് ജി മുന്നിൽ എത്തി. 70ആം മിനുട്ടിലും 90ആം മിനുട്ടിലും ഗോളടിച്ച് എമ്പപ്പെ ഹാട്രിക്ക് തികച്ചു. ഇതിനിടയിൽ സരാബിയയും പി എസ് ജിക്കായി ഗോൾ നേടി. സെന്റ് എറ്റിയെനും റെന്നെസും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയികളെ ആകും ഫൈനലിൽ പി എസ് ജി നേരിടേണ്ടത്.

Advertisement