ദിവസങ്ങളായി പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുന്ന ഒളിമ്പിക് മാഴ്സെയെ പരിശീലിപ്പിക്കാൻ സ്പാനിഷ് കോച്ച് മാർസെലിനൊ ഉണ്ടാവില്ല എന്ന് ഉറപ്പായി. മാർസെലിനോ ടീം വിട്ടതായി ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. കോച്ചിന് തുടരാൻ പറ്റിയ നല്ല സാഹചര്യം അല്ല ടീമിൽ ഉള്ളതെന്ന് വ്യക്തമാക്കിയ മാഴ്സെ, ജൂൺ 23 ന് മാത്രം ചുമതല ഏറ്റ കോച്ചിങ് സ്റ്റാഫുകൾക്ക് നോൺ-സ്പോർട്ടിംഗ് കാരണങ്ങൾ കൊണ്ട് ടീം വിടേണ്ടി വന്നത് ദുഃഖകരമാണെന്നും കൂടിച്ചെർത്തു.
സീസണിൽ ലീഗിൽ മോശമല്ലാത്ത തുടക്കമാണ് മാഴ്സെ കുറിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ടു ജയവും മൂന്ന് സമനിലയും അടക്കം മൂന്നാം സ്ഥാനത്തും ആണ്. എന്നാൽ ചാമ്പ്യൻസ് ലീഗ് പ്ലേഓഫിൽ പനതിനയ്കോസിനോട് തോൽവി വഴങ്ങിയത് തിരിച്ചടി. ആയി ഇതിന് പുറമേ അവസാന ലീഗ് മത്സരത്തിൽ ടോളൂസെയോട് സമനിലയിൽ പിരിഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസം ക്ലബ്ബ് മാനേജ്മെന്റും ആരാധകരും തമ്മിൽ നടത്തിയ ചർച്ചയിൽ പ്രതിഷേധം അണപൊട്ടി. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതക്കെതിരെ ആഞ്ഞടിച്ച ആരാധകർ കോച്ചിനെതിരെയും തിരിഞ്ഞു. മാർസെലിനൊയുടെ ടാക്ടിക്സുകളും വിമർശന വിധേയമായി. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ കോച്ച് നടത്തിയ നീക്കങ്ങൾ തിരിച്ചടി ആയിരുന്നു. എന്നാൽ ലീഗിലെ മോശമല്ലാത്ത പ്രകടനത്തിന് ശേഷവും ആരാധകർ തനിക്ക് നേരെ തിരിഞ്ഞതോടെ മാർസെലിനൊ രാജി സന്നദ്ധത മാനേജ്മെന്റിനേയും താരങ്ങളെയും അറിയിച്ചിരുന്നതായി ലെ എക്വിപ്പെ റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം അയാക്സിനെതിരെയുള്ള യൂറോപ്പ ലീഗ് പോരാട്ടത്തിന് തിരിച്ച ടീമിനോടൊപ്പം കോച്ച് ചേർന്നില്ല. ഇതോടെയാണ് മാർസെലിനോയുമായി വേർപ്പിരിയാനുള്ള തീരുമാനം ക്ലബ്ബ് എടുത്തത്. കൂടാതെ ക്ലബ്ബ് മാനേജ്മെന്റിലെ പ്രസിഡന്റ് അടക്കമുള്ളവരും ആരാധകരുടെ ആവശ്യം പരിഗണിച്ച് ചുമതലകളിൽ നിന്നും താൽക്കാലികമായി മാറി നിൽക്കുമെന്നാണ് സൂചന. പാച്ചോ അബർഡോനാഡോയെ മാഴ്സെയുടെ താൽക്കാലിക കോച്ച് ആയി നിയമിച്ചിട്ടുണ്ട്. അയാക്സിനെതിരെ ഇദ്ദേഹം തന്ത്രങ്ങൾ ഓതും.