ലില്ലക്ക് കിരീടം നേടിക്കൊടുത്തതിന് പിന്നാലെ പരിശീലകൻ രാജിവെച്ചു

20210526 114648
- Advertisement -

ഫ്രഞ്ച് ലീഗിൽ ഈ സീസണിൽ അത്ഭുതം കാണിച്ച പരിശീലകനായ ക്രിസ്റ്റൊഫെ ഗാൾടെർ ലില്ലയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ഫ്രഞ്ച് ലീഗ് കിരീടം ഉയർത്തി രണ്ട് ദിവസം മാത്രം ആകുമ്പോഴാണ് ഗാൽടറുടെ ഈ രാജി പ്രഖ്യാപനം. 54കാരനായ ഗാൽടർ അവസാന നാലു വർഷമായി ലില്ലയുടെ പരിശീലകനായിരുന്നു. ഈ സീസണിൽ പി എസ് ജിയുടെ പണാധിപത്യവും മറികടന്ന് ഫ്രാൻസിൽ ലില്ലയെ ചരിത്ര നേട്ടത്തിൽ എത്തിക്കാൻ അദ്ദേഹത്തിനായി.

ഫ്രാൻസിലെ തന്നെ ക്ലബായ നീസിലേക്ക് ഗാൽടർ പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സീസൺ അവസാനിക്കും മുമ്പ് തന്നെ നീസും ഗാൾടറും തമ്മിൽ ചർച്ചകൾ നടന്നിരുന്നു‌. മൂന്ന് വർഷത്തെ കരാർ ആകും ഗാൾടർ നീസിൽ ഒപ്പുവെക്കുക. ഗാൽടറെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ നാപോളിയും ശ്രമിച്ചിരുന്നു. മുമ്പ് ഫ്രാൻസിൽ സെന്റ് എറ്റിയന്റെ പരിശീലകനായും ഗാൾടെർ പ്രവർത്തിച്ചിട്ടുണ്ട്.

Advertisement