ഗോൾ അടിച്ചും അടിപ്പിച്ചും രക്ഷകനായി ഡി മരിയ, ലില്ലിക്ക് എതിരെ തിരിച്ചു വന്നു ജയം കണ്ടു പി.എസ്.ജി

20211030 024537

ഫ്രഞ്ച് ലീഗ് വണ്ണിൽ നിലവിലെ ജേതാക്കൾ ആയ ലില്ലിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു പാരീസ് സെന്റ് ജർമൻ. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ അടിച്ചു ആണ് പി.എസ്.ജി ജയം കണ്ടത്. ആദ്യ പകുതിയിൽ തീർത്തും മോശമായി ആണ് പി.എസ്.ജി കളിച്ചത്. മറുപുറത്ത് ലില്ലി ആവട്ടെ തുടക്കത്തിൽ തന്നെ അവസരങ്ങൾ തുറന്നു. ആദ്യ മിനിറ്റിൽ തന്നെ ബുറാക് യിൽമാസിന്റെ ഒരു മികച്ച ഒരു ഇടൻ കാലൻ അടി പി.എസ്.ജി ഗോൾ കീപ്പർ ഡോണരുമ രക്ഷിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇടയിൽ പറ്റിയ പരിക്കും ആയി കളിക്കാൻ ഇറങ്ങിയ ലയണൽ മെസ്സിക്ക് തീർത്തും നിരാശജനകമായ മത്സരം ആയിരുന്നു ഇത്. മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാതിരുന്ന പൂർണമായും ശാരീരിക ക്ഷമത കൈവരിക്കാത്ത മെസ്സിയെ ആദ്യ പകുതിയിൽ പോച്ചറ്റീന്യോ പിൻവലിച്ചു മാർകോ ഇക്കാർഡിയെ കൊണ്ടു വരുന്നതും കണ്ടു.

ആദ്യ പകുതിയുടെ 31 മത്തെ മിനിറ്റിൽ ജോനാഥൻ ഡേവിഡ് ആണ് ലില്ലിക്ക് നിർണായക മുൻതൂക്കം സമ്മാനിച്ചത്. യിൽമാസിന്റെ മികച്ച ഒരു പാസിൽ നിന്നു മികച്ച ഒരു ലില്ലി മുന്നേറ്റം ഡേവിഡ്‌ ഗോൾ ആക്കി മാറ്റുക ആയിരുന്നു. രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിക്കുന്ന പി.എസ്.ജിയെ കണ്ടെങ്കിലും ആദ്യം അപകടകരമായ മുന്നേറ്റം കാഴ്ച വച്ചത് ലില്ലി തന്നെയായിരുന്നു. അവസാന മിനിറ്റുകളിൽ കൂടുതൽ അപകടകാരികൾ ആയ പി.എസ്.ജിക്ക് ആയി 74 മത്തെ മിനിറ്റിൽ ക്യാപ്റ്റൻ മാർക്വീനോസ് ആണ് നിർണായക സമനില ഗോൾ കണ്ടത്തുന്നത്. മികച്ച ഒരു മുന്നേറ്റം നടത്തിയ ആഞ്ചൽ ഡി മരിയയുടെ ക്രോസിൽ നിന്നു മികച്ച ഒരു ഷോട്ടിലൂടെയാണ് മാർക്വീനോസ് പി.എസ്.ജിയെ മത്സരത്തിൽ ഒപ്പമെത്തിച്ചത്. സമനില ഗോൾ ലഭിച്ചതോടെ പി.എസ്.ജി കൂടുതൽ അപകടകാരികൾ ആയി.
20211030 024559
90 മിനിറ്റിനു വെറും രണ്ടു മിനിറ്റ് മുമ്പ് അതിമനോഹരമായ ഒരു പി.എസ്.ജി ടീം ഗോളിലൂടെ ആഞ്ചൽ ഡി മരിയ പി.എസ്.ജിയുടെ രക്ഷകൻ ആയി അവതരിക്കുക ആയിരുന്നു. അതുഗ്രൻ ടീം മുന്നേറ്റത്തിനു ഒടുവിൽ ഡി മരിയ നൽകിയ പന്ത് തിരിച്ചു നൽകിയ നെയ്മറിന്റെ പാസിൽ നിന്നു ഡി മരിയ മികച്ച ഒരു ഷോട്ടിലൂടെ പി.എസ്.ജി ജയം ഉറപ്പിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ എതിരാളിയുടെ ഫൗളിൽ നിന്നു പരിക്കേറ്റു പിൻവലിക്കപ്പെട്ടു എങ്കിലും ജയം ഉറപ്പാക്കിയ ശേഷം മാത്രമാണ് ഡി മരിയ കളം വിട്ടത്. മധ്യനിരയിൽ റെനോറ്റ സാഞ്ചസ്, മുന്നേറ്റത്തിൽ യിൽമാസ്, പ്രതിരോധത്തിൽ ഫോന്റെ ഇങ്ങനെ മികച്ച പ്രകടനം ആണ് ലില്ലി പുറത്ത് എടുത്തത്. മത്സരത്തിൽ ഏറിയ പങ്കും അവർ മികച്ച ടീമും ആയിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ കളി തിരിച്ചു പിടിച്ച പി.എസ്.ജി ജയം തട്ടിയെടുക്കുക ആയിരുന്നു. നിലവിൽ ലീഗിൽ പി.എസ്.ജി ഒന്നാമതും ലില്ലി പത്താം സ്ഥാനത്തും ആണ്.

Previous articleസിന്ധു ഫ്രഞ്ച് ഓപ്പൺ സെമിയിൽ
Next articleസിറ്റിയെ ഇനിയുമൊരു 200 പ്രീമിയർ ലീഗ് മത്സരങ്ങൾ പരിശീലിപ്പിക്കും എന്നു കരുതുന്നില്ല ~ ഗാർഡിയോള