രണ്ടു ഗോൾ മുൻതൂക്കം കളഞ്ഞു സമനില വഴങ്ങി പി.എസ്.ജി

ഫ്രഞ്ച് ലീഗ് വണ്ണിൽ സമനില വഴങ്ങി പാരീസ് സെന്റ് ജർമ്മൻ. ട്രോയീസിനോട് 2-2 നു ആണ് പാരീസ് സമനില വഴങ്ങിയത്. കിരീടം ഇതിനകം ഉറപ്പിച്ച പാരീസിന് മികച്ച തുടക്കം ആണ് മത്സരത്തിൽ ലഭിച്ചത്. ആറാം മിനിറ്റിൽ ആഞ്ചൽ ഡി മരിയയുടെ പാസിൽ നിന്നു മാർക്വീനയോസ് പി.എസ്.ജിക്ക് മുൻതൂക്കം സമ്മാനിച്ചു. 25 മത്തെ മിനിറ്റിൽ എമ്പപ്പയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട നെയ്മർ പാരീസിന് രണ്ടാം ഗോൾ സമ്മാനിച്ചു.

മുപ്പതാം മിനിറ്റിൽ ഇകെ ഉഗ്‌ബോ ഒരു ഗോൾ തിരിച്ചടിച്ചതോടെ ട്രോയീസിനു പ്രതീക്ഷ വന്നു. രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിൽ ട്രോയീസ് മത്സരത്തിൽ ഒപ്പമെത്തി. റിപ്പാർട്ടിനെ കിമ്പപ്പെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ഒരു പനേകയിലൂടെ ക്യാപ്റ്റൻ ഫ്ലോറിയൻ ടാർടിയു ലക്ഷ്യം കാണുക ആയിരുന്നു. മിനിറ്റുകൾക്ക് അകം നെയ്മർ ഒരു ഗോൾ കൂടി നേടിയെങ്കിലും പാസ് നൽകിയ എമ്പപ്പെ അതിനു മുമ്പ് ഫൗൾ ചെയ്തത് ആയി വാർ കണ്ടത്തിയതോടെ വാർ ആ ഗോൾ അനുവദിച്ചില്ല. ഇടക്ക് മെസ്സിയുടെ ഷോട്ട് ബാറിൽ ഇടിച്ചു മടങ്ങിയത് പാരീസിന് തിരിച്ചടിയായി. തരം താഴ്ത്തൽ ഒഴിവാക്കാൻ ട്രോയീസിന് ഈ പോയിന്റ് വളരെ വിലമതിച്ചത് ആണ്.