തിരിച്ചു വന്നു ജയം കണ്ടു എ.സി മിലാൻ സീരി എയിൽ ഒന്നാമത്

ഇറ്റാലിയൻ സീരി എയിൽ കിരീട പോരാട്ടത്തിൽ നിർണായക ജയവുമായി എ.സി മിലാൻ. ഹെല്ലാസ് വെറോനക്ക് എതിരെ തിരിച്ചു വന്നു 3-1 ന്റെ ജയം ആണ് മിലാൻ കൈവരിച്ചത്. ജയത്തോടെ ലീഗിൽ 2 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്റർ മിലാനെക്കാൾ 2 പോയിന്റുകൾ മുന്നിൽ ആണ് എ.സി മിലാൻ. 16 മത്തെ മിനിറ്റിൽ സാന്ദ്രോ ടോണാലി പന്ത് വലയിൽ എത്തിച്ചു എങ്കിലും വാർ അത് ഓഫ് സൈഡ് വിളിച്ചു. 38 മത്തെ മിനിറ്റിൽ ഡാർക്കോ ലെസോവിചിന്റെ പാസിൽ നിന്നു ഹെഡറിലൂടെ മാർകോ ഫെറോണി ഗോൾ നേടിയതോടെ മിലാൻ മത്സരത്തിൽ പിറകിൽ പോയി.

20220509 045523

എന്നാൽ ആദ്യ പകുതിക്ക് തൊട്ടു മുമ്പ് റാഫേൽ ലിയോവയുടെ പാസിൽ നിന്നും ഗോൾ കണ്ടത്തിയ സാന്ദ്രോ ടോണാലി മിലാനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിനുള്ളിൽ 70 മീറ്റർ ഓടി റാഫേൽ ലിയോവ നൽകിയ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ സാന്ദ്രോ ടോണാലി മിലാനു മുൻതൂക്കം സമ്മാനിച്ചു. ജൂനിയർ മെസിയാസിന്റെ പാസിൽ നിന്നു 86 മത്തെ മിനിറ്റിൽ പകരക്കാനായി ഇറങ്ങിയ അലക്‌സാണ്ടർ ഫ്ലോറൻസി മിലാന്റെ ജയം ഉറപ്പിച്ചു. തോൽവിയോടെ ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ് ഹെല്ലാസ് വെറോന. കിരീടം കൈവിടാതെ നോക്കാൻ ആവും മിലാൻ ഇനി ശ്രമിക്കുക.