ഫ്രാൻസിൽ ഇന്ന് പന്തുരുണ്ട് തുടങ്ങും, ആധിപത്യം തുടരാൻ പി.എസ്.ജി

രാത്രി 12.30 ലിയോണിന്റെ മത്സരത്തോടെ ലീഗ് വണ്ണിനു തുടക്കമാവും, പി.എസ്.ജി നാളെ ഇറങ്ങും.

ഫ്രഞ്ച് ലീഗ് വണ്ണിനു ഇന്ന് തുടക്കം. ഇന്ന് അർദ്ധരാത്രി 12.30 നു നടക്കുന്ന മത്സരത്തിൽ ഒളിമ്പിക് ലിയോൺ അജാസിയോ മത്സരത്തോടെയാണ് ലീഗ് വണ്ണിനു തുടക്കം ആവുക. കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിച്ച വമ്പൻ താരങ്ങളും പുതിയ പരിശീലകനും ആയി എത്തുന്ന പാരീസ് സെന്റ് ജർമ്മനു ഏതെങ്കിലും ഒരു ടീം ലീഗിൽ വെല്ലുവിളി ഉയർത്താൻ സാധ്യത കുറവാണ്. പോച്ചറ്റീന്യോക്ക് പകരം മുൻ ലില്ലി പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയരെ കൊണ്ട് വന്ന പി.എസ്.ജി റെനാറ്റോ സാഞ്ചസ് അടക്കമുള്ളവരെ കൊണ്ടു വന്നു ടീം ശക്തമാക്കിയിട്ടുണ്ട്. റെക്കോർഡ് വേതനം നൽകി എമ്പപ്പെയെ നിലനിർത്താൻ ആയത് ആണ് പി.എസ്.ജിയുടെ മറ്റൊരു നേട്ടം. നെയ്‌മർ, എമ്പപ്പെ എന്നിവർക്ക് ഒപ്പം സാക്ഷാൽ ലയണൽ മെസ്സി കൂടി ഉൾപ്പെടുന്ന പി.എസ്.ജി ലീഗിന് അപ്പുറം ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നം ആണ് ഇത്തവണയും ലക്ഷ്യം വക്കുന്നത്.

Messi Mbappe Psg

ലിയോണിനു എന്ന പോലെ ഈ സീസണിൽ സ്ഥാന കയറ്റം നേടി വന്ന ക്ലെർമോണ്ട് ആണ് പാരീസിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ. നാളെയാണ് പി.എസ്.ജിയുടെ മത്സരം. ആദ്യ മത്സരത്തിൽ ലിയോണിനു ദുർബലരായ എതിരാളികൾ ആണ്. ലാകസെറ്റയെ തിരികെയെത്തിച്ച ലിയോണിനു പാരീസിന് വെല്ലുവിളി ആവാൻ സാധിക്കില്ല എന്നെ കരുതാൻ ആവൂ. തിങ്കളാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ റെയിമ്സ് ആണ് മാഴ്‌സയുടെ എതിരാളി. പരിശീലകൻ സാമ്പോളി ടീം വിട്ടത് മാഴ്സക്ക് തിരിച്ചടിയാണ്. നിരവധി മികച്ച താരങ്ങളെ ടീമിൽ എത്തിച്ച നീസിന് നാളത്തെ ആദ്യ മത്സരത്തിൽ ടൊളോസോയാണ് എതിരാളികൾ. ഫ്രാൻസിൽ ഇത്തവണ ശ്രദ്ധിക്കേണ്ട ശക്തിയാവും നീസ്. മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ആയെങ്കിലും കിരീടത്തിനു മത്സരിക്കാനുള്ള കരുത്ത് മുൻ ചാമ്പ്യൻമാരായ മൊണാകോക്കോ, ലില്ലിക്കോ ഇല്ല. ആദ്യ മത്സരത്തിൽ ലില്ലി പുതുതായി ലീഗിൽ എത്തിയ ആക്സരെയെ നേരിടുമ്പോൾ മൊണാകോ സ്ട്രാസ്ബോർഗിനെ നേരിടും. പതിവ് പി.എസ്.ജി ആധിപത്യം തന്നെയാവും ഫ്രാൻസിൽ ഇത്തവണയും കാണുക എന്നുറപ്പാണ്. ഫ്രഞ്ച് ലീഗ് വൺ മത്സരങ്ങൾ സ്പോർട്സ് 18 ലും വൂട്ട് സെലക്ടിലും തത്സമയം കാണാൻ ആവും.