മുൻ റോമ പരിശീലകൻ പൗലോ ഫോൻസെക ലില്ലേയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തു. രണ്ടു വർഷത്തെ കരാറിലാണ് പോർച്ചുഗീസുകാരനെ മുൻ ലീഗ് 1 ചാമ്പ്യന്മാർ ടീമിന് തന്ത്രങ്ങളോതാൻ എത്തിക്കുന്നത്. 2021ൽ എഎസ് റോമയിൽ നിന്നും പുറത്തു വന്ന ശേഷം മറ്റു ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നില്ല. മുൻപ് ശക്തർ ഡോനെസ്ക്, പോർട്ടോ എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
2020ൽ ലീഗ് 1 ചാമ്പ്യന്മാരായ ലില്ലേ അവസാന പത്താം സ്ഥാനം മാത്രം എത്താൻ കഴിഞ്ഞതോടെയാണ് മാനേജറായിരുന്ന ജെസീലിൻ ഗോവെനെകിനെ പുറത്താക്കാൻ തീരുമാനിച്ചത്.2020-21 സീസണിൽ കിരീടം നേടിയ ശേഷം സ്ഥാനം ഒഴിഞ്ഞ ഗാൾട്ടിയറിന് പകരക്കാരൻ ആയാണ് ഗോവെനെക് ലില്ലേയിൽ എത്തിയത്. പക്ഷെ കിരീടം നേടിയ സീസണിലെ മികവ് ആവർത്തിക്കാൻ ടീമിനായില്ല.
റോമയിൽ നിന്നും പുറത്തായ ശേഷം തന്റെ മുൻ തട്ടകമായ ഉക്രൈനിൽ ആയിരുന്നു ഫോൻസെക കുടുംബത്തോടൊപ്പം സമയം ചെലവിട്ടത്. എന്നാൽ യുദ്ധം ആരംഭിച്ചതോടെ അവിടെ നിന്ന് പുറത്തു കടക്കേണ്ടി വന്നു. യൂറോപ്പിലെ വിവിധ ലീഗുകളിൽ പരിശീലിപ്പിച്ചു പരിചയം ഉള്ള നാല്പത്തിയൊമ്പത്കാരന് ടീമിനെ കിരീടങ്ങളിലേക്ക് നയിക്കാൻ കഴിയുമെന്ന് ലില്ലേ മാനേജ്മെന്റ് കണക്ക് കൂട്ടുന്നു.