കൊറോണ വൈറസ് പ്രതിസന്ധി; നാല് മാസത്തെ ശമ്പളം മുഴുവൻ വേണ്ടെന്ന് വെച്ച് ഫാബ്രിഗാസ്

കൊറോണ വൈറസ് ബാധ ലോകത്താകമാനമുള്ള ഫുട്ബോൾ ക്ലബുകളെ സാമ്പത്തികമായി തകർക്കുമ്പോൾ തന്റെ നാല് മാസത്തെ ശമ്പളം മുഴുവൻ വേണ്ടെന്ന് വെച്ച് മൊണാകോ താരം സെസ്‌ക് ഫാബ്രിഗാസ്. ഇത് കൂടാതെ സാമ്പത്തിക പ്രതിസന്ധി മൂലം മൊണാകോ ശമ്പളം കുറച്ച ട്രെയിനിങ് ഗ്രൗണ്ട് തൊഴിലാളികൾക്ക് പണം നൽകുമെന്നും ഫാബ്രിഗാസ് വ്യക്തമാക്കി.

നേരത്തെ മൊണാകോ താരങ്ങൾ ജൂലൈ വരെ തങ്ങളുടെ ശമ്പളത്തിന്റെ 30% കുറക്കാൻ സമ്മതിച്ചിരുന്നു. എന്നാൽ അടുത്ത ജൂലൈ മാസം വരെ തനിക്ക് മുഴുവൻ ശമ്പളവും വേണ്ടെന്ന നിലപാടുമായി ഫാബ്രിഗാസ് രംഗത്ത് വരുകയായിരുന്നു. ഒരു ആഴ്ചയിൽ 130,000 യൂറോയാണ് ഫാബ്രിഗാസിന്റെ ശമ്പളം. ഇത് പ്രകാരം അടുത്ത ജൂലൈ വരെ ഏകദേശം 2മില്യൺ പൗണ്ടിൽ അധികം തുക ക്ലബിന് ലാഭിക്കാനാവും.

2019 ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ഫാബ്രിഗാസ് ചെൽസിയിൽ നിന്ന് മൊണാകോയിൽ എത്തുന്നത്. കഴിഞ്ഞ മാർച്ച് 16 മുതൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഫ്രഞ്ച് ലീഗിൽ മത്സരങ്ങൾ നടക്കുന്നില്ല.  ഫ്രഞ്ച് ലീഗിൽ ജൂൺ 17 മുതൽ മത്സരങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ലീഗ് 1 അധികൃതർ നടത്തുന്നുണ്ട്.