ഡി മരിയക്ക് ഹാട്രിക്, ഫ്രഞ്ച് കപ്പിൽ പി.എസ്.ജിക്ക് ജയം

- Advertisement -

ഡി മരിയയുടെ ഹാട്രിക് പ്രകടനത്തിന്റെ പിൻബലത്തിൽ ഫ്രഞ്ച് കപ്പിൽ പി.എസ്.ജിക്ക് മികച്ച ജയം. ലീഗ് 2വിൽ നിന്നുള്ള ടീമായ സോഷോക്സിനെയാണ് പി.എസ്.ജി.4-1 ന് മറികടന്നത്. സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് പി.എസ്.ജി മത്സരത്തിനിറങ്ങിയത്. ജയത്തോടെ പി.എസ്.ജി ക്വാർട്ടർ ഫൈനലിൽ എത്തി.

മത്സരം തുടങ്ങി ഒന്നാം മിനുട്ടിൽ തന്നെ ഡി മരിയയിലൂടെ ഗോൾ നേടി പി.എസ്.ജി ലീഡ് സ്വന്തമാക്കി. എംബപ്പേയുടെ പാസിൽ നിന്നാണ് ഡി മരിയയുടെ ഗോൾ പിറന്നത്. പക്ഷെ പി.എസ്.ജിയെ ഞെട്ടിച്ചു കൊണ്ട് 11ആം മിനുട്ടിൽ ഫ്‌ളോറിൻ മാർട്ടിനിലൂടെ സോഷോക്സ് സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ മത്സരത്തിൽ പി.എസ്.ജി ലീഡ് നേടി. കവാനിയാണ് പി.എസ്.ജിയുടെ ഗോൾ നേടിയത്.

തുടർന്ന് രണ്ടാം പകുതിയിൽ എതിരാളികളെ നിഷ്പ്രഭമാക്കിയ പി.എസ്.ജി രണ്ടു ഗോൾ കൂടി നേടി മത്സരം തങ്ങളുടേതാക്കി. ഡി മരിയയാണ് പി.എസ്.ജിയുടെ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിൽ ഹാട്രിക് നേടിയ ഡി മരിയ 2010ന് ശേഷം ആദ്യമായാണ് ഹാട്രിക് നേടുന്നത്.

മത്സരത്തിന്റെ അവസാന മിനുട്ടിൽ പി.എസ്.ജി ഗോൾ കീപ്പർ കെവിൻ ട്രാപ് ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ 10 പേരുമായാണ് പി.എസ്.ജി മത്സരം അവസാനിപ്പിച്ചത്. കെവിൻ ട്രാപിന് പകരക്കാരനായി പ്രതിരോധ താര ഡാനി ആൽവേസ് ആണ് ഗോൾ പോസ്റ്റിൽ നിന്നത്. പി.എസ്.ജി തങ്ങൾക്ക് അനുവദനീയമായ 3 സുബ്സ്റ്റിട്യൂഷനും നടത്തിയത് കൊണ്ടാണ് ഡാനി ആൽവേസിനെ ഗോൾ പോസ്റ്റിൽ നിർത്തേണ്ടി വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement