പരിശീലകൻ മൗറിസിയോ പോച്ചെറ്റിനോ പി.എസ്.ജിയിൽ തന്നെ തുടരുമെന്ന് പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ. റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്കും ടോട്ടൻഹാം പരിശീലക സ്ഥാനത്തേക്കും പോച്ചെറ്റിനോയെ പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടറുടെ പ്രതികരണം. നിലവിൽ പി.എസ്.ജിയിൽ പോച്ചെറ്റിനോക്ക് രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ടെന്നും പരിശീലകന്റെ പ്രകടനത്തിൽ പി.എസ്.ജിക്ക് സംതൃപ്തി ഉണ്ടെന്നും ലിയനാർഡോ പറഞ്ഞു.
നേരത്തെ പോച്ചെറ്റിനോയും പി.എസ്.ജിയിൽ താൻ സന്തോഷവാൻ ആണെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് പോച്ചെറ്റിനോ പി.എസ്.ജി പരിശീലകനായി ചുമതലയേറ്റത്. പി.എസ്.ജി പരിശീലകനായിരുന്ന തോമസ് ടൂഹലിനെ പുറത്താക്കിയതിന് പിന്നാലെയാണ് പോച്ചെറ്റിനോ പി.എസ്.ജി പരിശീലകനാവുന്നത്. പോച്ചെറ്റിനോക്ക് കീഴിൽ പി.എസ്.ജി ഈ വർഷം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിയെങ്കിലും ഫ്രഞ്ച് ലീഗ് കിരീടം കൈവിട്ടിരുന്നു.