റോം: ആസ്റ്റൺ വില്ല വിംഗർ ലിയോൺ ബെയ്‌ലിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് റോമ മുന്നിട്ടിറങ്ങിയതായി റിപ്പോർട്ട്. താരത്തിനായി തുർക്കിഷ് ക്ലബ്ബായ ബെസിക്റ്റാസും സൗദി പ്രോ ലീഗ് ടീമുകളും രംഗത്തുണ്ടെങ്കിലും റോമയാണ് നിലവിൽ മുന്നിലുള്ളത്. 28-കാരനായ താരത്തിനായി റോമ ഔദ്യോഗികമായി ഒരു ഓഫർ മുന്നോട്ട് വെച്ചിട്ടില്ല.
2021-ൽ ബയേൺ ലെവർകൂസനിൽ നിന്ന് ഏകദേശം 30 മില്യൺ പൗണ്ടിനാണ് ബെയ്‌ലി ആസ്റ്റൺ വില്ലയിലെത്തുന്നത്. അതിനുശേഷം 144 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 24 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ വില്ലയെ ചാമ്പ്യൻസ് ലീഗിലേക്കും കോൺഫറൻസ് ലീഗ് സെമി ഫൈനലിലേക്കും എത്തിക്കുന്നതിൽ ബെയ്‌ലി നിർണായക പങ്ക് വഹിച്ചു.
എന്നാൽ, സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കുന്നതിൻ്റെ ഭാഗമായും താരത്തെ വിൽക്കാൻ വില്ലക്ക് താൽപ്പര്യമുണ്ട്.
ബ്രൈറ്റൺ & ഹോവ് അൽബിയോണിൽ നിന്ന് സ്ട്രൈക്കർ ഇവാൻ ഫെർഗൂസനെ ലോൺ വ്യവസ്ഥയിൽ സ്വന്തമാക്കിയതിന് പിന്നാലെ റോമയുടെ ഈ സീസണിലെ ഏഴാമത്തെ സൈനിംഗായിരിക്കും ബെയ്‌ലി.