ലണ്ടൻ: എവർട്ടൺ വിട്ട സ്ട്രൈക്കർ ഡൊമിനിക് കാൽവർട്ട്-ലൂയിൻ ലീഡ്‌സ് യുണൈറ്റഡിൽ ചേർന്നു. ഫ്രീ ഏജന്റായാണ് 28-കാരനായ താരം ലീഡ്‌സുമായി കരാറിലെത്തിയത്. മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം താരം ഔദ്യോഗികമായി ടീമിനൊപ്പം ചേരും. പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്ന ലീഡ്‌സിൻ്റെ ഈ സീസണിലെ എട്ടാമത്തെ സൈനിംഗാണിത്.

2016-ൽ ഷെഫീൽഡ് യുണൈറ്റഡിൽ നിന്ന് എവർട്ടണിലെത്തിയ കാൽവർട്ട്-ലൂയിൻ, ഒമ്പത് വർഷത്തെ ക്ലബ്ബ് ജീവിതത്തിൽ 274 മത്സരങ്ങളിൽ നിന്ന് 71 ഗോളുകൾ നേടിയിട്ടുണ്ട്. പരിക്കുകൾ കാരണം പലപ്പോഴും കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, തൻ്റെ മുൻ ഫോം വീണ്ടെടുക്കാൻ താരത്തിന് കഴിയുമെന്നാണ് ലീഡ്‌സ് മാനേജർ ഡാനിയൽ ഫാർകെ പ്രതീക്ഷിക്കുന്നത്.
ജർമ്മൻ താരമായ ലൂക്കാസ് എൻമേഷയെയും ടീമിലെത്തിച്ച ലീഡ്‌സ്, പുതിയ സീസണിൽ ആക്രമണം ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. 2021-ൽ ഇംഗ്ലണ്ട് ദേശീയ ടീമിനായി അവസാനമായി കളിച്ച കാൽവർട്ട്-ലെവിൻ 11 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയിട്ടുണ്ട്.