സാൻ്റിയാഗോ ബെർണാബ്യൂവിൽ നടന്ന ലാ ലിഗ മത്സരത്തിൽ സെൽറ്റ വിഗോയെ 3-2 എന്ന സ്കോറിന് റയൽ മാഡ്രിഡ് തോൽപ്പിച്ചു. പ്രധാന കളിക്കാർ ഇല്ലാതിരുന്നിട്ടും, കാർലോ അൻസെലോട്ടി പരിശീലിപ്പിക്കുന്ന റയൽ മാഡ്രിഡ് തുടക്കത്തിൽ നേടിയ ലീഡ് നിലനിർത്തി വിജയം സ്വന്തമാക്കി. അവസാന നിമിഷങ്ങളിൽ സെൽറ്റ ശക്തമായി തിരിച്ചുവന്നെങ്കിലും റയലിന് വിജയം ഉറപ്പിക്കാൻ ആയി.

33-ാം മിനിറ്റിൽ ലൂക്കാസ് വാസ്‌ക്വസിൻ്റെ അസിസ്റ്റിൽ നിന്ന് ആർഡ ഗുലറാണ് റയലിന് ആദ്യ ഗോൾ സമ്മാനിച്ചത്. ഷോർട്ട് കോർണറിൽ നിന്ന് ഗുലർ തൊടുത്ത കിക്ക് വലയിൽ പതിക്കുകയായിരുന്നു. ആറ് മിനിറ്റിന് ശേഷം ജൂഡ് ബെല്ലിംഗ്ഹാം നൽകിയ പാസിൽ നിന്ന് കിലിയൻ എംബാപ്പെ റയലിൻ്റെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗുലറുമായി നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവിൽ എംബാപ്പെ തൻ്റെ രണ്ടാം ഗോളും നേടി റയലിനെ 3-0 എന്ന സുരക്ഷിത നിലയിലെത്തിച്ചു.
എന്നാൽ സെൽറ്റ വിഗോ പോരാട്ടം അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. 69-ാം മിനിറ്റിൽ ഒരു കോർണർ കിക്കിന് ശേഷം ജാവി റോഡ്രിഗസ് ക്ലോസ് റേഞ്ചിൽ നിന്ന് ഒരു ഗോൾ നേടി. 76-ാം മിനിറ്റിൽ ഇയാഗോ അസ്പാസ് നൽകിയ മികച്ച ത്രൂ ബോളിൽ നിന്ന് പകരക്കാരനായി ഇറങ്ങിയ വിലിയോട്ട് സ്വെഡ്‌ബെർഗ് സെൽറ്റയുടെ രണ്ടാം ഗോൾ നേടി സ്കോർ 3-2 ആക്കി.
അവസാന നിമിഷങ്ങളിൽ തിബോ കുർട്ടോയിസിന്റെ മികച്ച സേവ് റയലിന് നിർണായകമായി. ഈ വിജയത്തോടെ ലീഗ് ലീഡർമാരായ ബാഴ്‌സലോണയ്ക്ക് തൊട്ടുപിന്നാലെ റയൽ നിലയുറപ്പിച്ചു. നാല് മത്സരങ്ങൾ ബാക്കിനിൽക്കെ റയൽ മാഡ്രിഡ് ഇപ്പോൾ ബാഴ്‌സലോണയെക്കാൾ 4 പോയിന്റ് പിന്നിലാണ്.