ഉനയ് എമെരിയുടെ പകരക്കാരനായി വിയ്യാറയലിൽ എത്തിയ കിക്കെ സെറ്റിയന് അത്ര നല്ല സമയമല്ല. ടീമിന്റെ ചുമതല ഏറ്റെടുത്ത ശേഷം ഒറ്റ വിജയം പോലും നേടാൻ ആയിട്ടില്ല എന്ന് മാത്രമല്ല, മൂന്ന് തോൽവികളും ഒരേയൊരു സമനിലയും മാത്രമാണ് ഇതുവരെ കൈമുതൽ ആളുള്ളത്. ടീമിന്റെ പ്രകടനത്തിൽ ആരാധകരെ എന്ന പോലെ തന്നെ താരങ്ങളും വളരെ അസ്വസ്ഥതരാണ് എന്ന സൂചനകൾ ആണ് പുറത്തു വരുന്നത്. അടുത്ത മത്സരത്തിൽ എസ്പാന്യോളിനെ നേരിടാൻ ഒരുങ്ങുന്ന ടീമിലെ താരങ്ങൾ കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങുന്നതിന് മുന്നോടിയായി കോച്ചിങ് സ്റ്റാഫുമായി നേരിട്ട് ഒരു യോഗം ചേർന്ന് തങ്ങളുടെ പ്രതിഷേധം അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ മയ്യോർക്കക്കെതിരായ തോൽവിയിൽ ആരാധകർ സ്റ്റേഡിയത്തിൽ വെച്ച് സെറ്റിയനെ പുറത്താക്കാൻ ആഹ്വാനം ചെയ്തിരുന്നു.
അതേ സമയം കാര്യങ്ങളെ സംയമനത്തോടെ കൈകാര്യം ചെയ്യുകയാണ് സെറ്റിയൻ. എസ്പാന്യോളിനെ നേരിടുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട അദ്ദേഹം നിലവിലെ സംഭവങ്ങളിൽ തന്റെ പ്രതികരണം അറിയിച്ചു. നിലവിലെ സാഹചര്യം മറികടക്കാൻ ടീമിനാകുമെന്ന് അദ്ദേഹം പറഞ്ഞു. “തന്റെ ലക്ഷ്യത്തിനോ ഇച്ഛാശക്തിക്കോ മാറ്റം വന്നിട്ടില്ല, കളത്തിലെ കുറവുകൾ പരിഹരിച്ച് താരങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ ഒരു ടീമിൽ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. “മുൻ കോച്ചിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതുതായി വന്ന ആൾ കൊണ്ടു വരുമ്പോൾ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. മെച്ചപ്പെട്ട റിസൾട്ട് വരുമ്പോൾ മാത്രമേ ഈ സാഹചര്യം മറികടക്കാൻ ആവൂ. തോൽവികൾ ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യും.” അദ്ദേഹം കൂടിച്ചെർത്തു.