മെസ്സിയുടെ തിരിച്ച് വരവിനെ കുറിച്ചുള്ള ചോദ്യങ്ങളോട് ഒരിക്കൽ കൂടി മുഖം തിരിച്ച് സാവി. ബെറ്റിസുമായുള്ള ലീഗ് മത്സരത്തിന് മുന്നോടിയായി പത്രപ്രവർത്തരെ കാണാവെയാണ് പതിവ് പോലെ സാവി ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറിയത്. മെസ്സി തിരിച്ചു വരുന്നുണ്ടോ എന്നറിയില്ലെന്നും നിലവിൽ തങ്ങളുടെ ശ്രദ്ധ ലീഗിൽ മാത്രമാണെന്നും സാവി പറഞ്ഞു. “ലാ ലീഗ വിജയിച്ചു കഴിഞ്ഞാൽ മറ്റ് വിഷയങ്ങളെ കുറിച്ചു നമ്മൾക്ക് സംസാരിക്കാം. ഇപ്പോൾ ബെറ്റിസുമായുള്ള മത്സരത്തിലാണ് ഉറ്റു നോക്കുന്നത്”. സാവി പറഞ്ഞു. അതേ സമയം സാവി സ്വകര്യമായി മെസ്സിയുടെ തിരിച്ചു വരവിന് ശ്രമങ്ങൾ നടത്തുന്നുണ്ട് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മെസ്സിയുമായി നിരവധി തവണ സാവി സംസാരിച്ചു കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
റയോ വയ്യക്കാനോയുമായുള്ള നിരാശാജനകമായ ഫലത്തിന് ശേഷം തിരിച്ചു വരാൻ തങ്ങൾ ശ്രമിക്കുമെന്ന് സാവി പറഞ്ഞു. അവസാന നാല് മത്സരങ്ങളിലെ പ്രകടനം ഒട്ടും ആശാവാഹമല്ലെന്നും ടീം മെച്ചപ്പെടേണ്ടതുണ്ട് എന്നും കോച്ച് ചൂണ്ടിക്കാണിച്ചു. ഡെമ്പലെയുടെ അഭാവം തിരിച്ചടി ആയെന്നു സമ്മതിച്ച സാവി, ക്രിസ്റ്റൻസാനെയും പുകഴ്ത്തി. താരം തന്റെ വ്യക്തിപരമായ ട്രാൻസ്ഫെർ ആയിരുന്നു എന്ന് സാവി വെളിപ്പെടുത്തി. താരത്തിൽ താനർപ്പിച്ച വിശ്വാസം അദ്ദേഹം ഒരിക്കൽ കൂടി വെളിപ്പെടുത്തി. മെസ്സിയുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് ലാ ലീഗയെ ബാഴ്‌സ ബന്ധപ്പെട്ടത് ചൂണ്ടികാണിച്ചപ്പോൾ, അത് മെസ്സിയുടെ തിരിച്ചു വരവ് മാത്രം കൊണ്ടല്ല എന്നും, അടുത്ത സീസണിലേക്കുള്ള ടീം മെച്ചപ്പെടുത്തുന്നതിന് കൂടി ആണെന്നും സാവി പറഞ്ഞു. എന്നാൽ ഇതൊന്നും അല്ല ഇപ്പോൾ പ്രാധാന്യം അർഹിക്കുന്നത് എന്നും ലീഗ് വിജയമാണ് ഏറ്റവും പ്രധാനം എന്നും സാവി കൂട്ടിച്ചേർത്തു. അടുത്ത എതിരാളികൾ ആയ ബെറ്റിസിന്റെ പരിശീലകൻ പെല്ലഗ്രിനിയേയും സാവി പുകഴ്ത്തി.