ചാമ്പ്യൻസ് ലീഗിൽ വീണ്ടും കളിക്കാൻ എത്തുന്നത് അഭിമാനമാണെന്നും മൂന്ന് പോയിന്റുമായി തന്നെ തുടക്കം കുറിക്കാൻ കഴിയുമെന്നും സാവി. ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിൽ വിക്ടോറിയ പ്ലസെനെ നേരിടുന്നതിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാഴ്‌സലോണ കോച്ച്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത പ്ലസെൻ മികച്ച പ്രകടനം തന്നെ പുറത്തെടുത്തേക്കാം എന്ന സൂചനയും അദ്ദേഹം പങ്കുവെച്ചു. അടുത്ത കാലത്ത് ലഭിച്ച ഏറ്റവും ദുഷ്കരമായ ഗ്രൂപ്പ് ആണ് തങ്ങളുടേത്, ക്വർട്ടർ ഫൈനലിൽ എങ്കിലും എത്തുകയാണ് ലക്ഷ്യം.
“ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്ക്വാഡ് ഇപ്പോഴുള്ളത്. അത് തങ്ങൾക്ക് തെളിയിക്കേണ്ടതുണ്ട്. സീസണിന്റെ അവസാനം അതിന് കഴിയും എന്നാണ് പ്രതീക്ഷ” സാവി കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നതിനെ കുറിച്ചു തന്നെയാണ് തങ്ങൾ സ്വപ്നം കാണുന്നത് എന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ബെല്ലറിൻ, അലോൻസോ എന്നിവരെ ടീമിൽ ഉൾപ്പെടുത്താതതിനെ കുറിച്ചു സാവി സംസാരിച്ചു. ഇരുവർക്കും കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആൽബ, പിക്വേ എന്നിവർ നാളെ അല്ലെങ്കിൽ അടുത്ത ലീഗ് മത്സരത്തിൽ തീർച്ചയായും ഇറങ്ങും എന്നും അദ്ദേഹം പറഞ്ഞു. “സെവിയ്യക്കെതിരായ മത്സരം കടുത്തതായിരുന്നു, ടീമിൽ റോട്ടെഷൻ ആവശ്യമുണ്ട്.
ഫാറ്റിയുമായി താൻ സംസാരിച്ചിരുന്നു, ആദ്യ ഇലവനിൽ ഇറങ്ങാൻ താരം തയ്യാറെടുത്തു കഴിഞ്ഞു. ഫ്രാങ്ക് കെസ്സിക്കും ടീമിനെ സഹായിക്കാൻ ആവും.” സാവി കൂടിച്ചേർത്തു. പ്യാനിച്ച് മികച്ച ഒരു താരമാണെന്നും എന്നാൽ കൂടുതൽ അവസരം ലഭിക്കാനുള്ള അദ്ദേഹത്തിന്റെ താൽപര്യം മനസിലാക്കുന്നു എന്നും താരത്തിന്റെ കൈമാറ്റത്തെ സൂചിപ്പിച്ചു കൊണ്ട് സാവി പറഞ്ഞു.